Rijisha M.|
Last Updated:
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:40 IST)
വടക്കുൻനാഥ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌ക്കറിന്റേയും ലക്ഷ്‌മിയുടേയും ഏക മകൾ സംഭവസ്ഥലത്തുനിന്നുതന്നെ മരിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ബാലാഭാസ്‌ക്കറിന്റെ മരണം കേരള ജനതയ്‌ക്ക് തീരാവേദനനായി മാറുകയും ചെയ്‌തു.
ഇപ്പോൾ ലക്ഷ്‌മിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചാണ് എല്ലാവരും അന്വേഷിക്കുന്നത്. തന്റെ പ്രിയദമനും പൊന്നോമനയും
ഇനി ഒപ്പമില്ലെന്ന് ലക്ഷ്മി അടുത്തിടെയാണ് അറിഞ്ഞത്. നീണ്ട നാളത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഹിരണ്‍മയ എന്ന വീട്ടിലേക്ക് പോവുകയാണ് ലക്ഷ്മി. ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയത് ഇവരുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ ഇഷാന്‍ ദേവാണ്. ഫേസ്‌ബുക്കിലൂടെയാണ് ലക്ഷ്‌മിയെക്കുറിച്ച് ഇഷാൻ ദേവ് വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
ലക്ഷ്മി ചേച്ചിയുടെ ആരോഗ്യസ്ഥിതി എങ്ങനാ എന്നു ഒരുപാടു സുമനസുകൾ ചോദിക്കുന്നുണ്ട്, ചേച്ചിയുടെ മുറിവുകളും, ഒടിവുകളും എല്ലാം ഭേദമായി വരുന്നു. എല്ലാവർക്കും അറിയാവുന്നത് പോലെ ശസ്ത്രക്രിയകളും, മരുന്നുകളുമായി ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എത്ര ഭേദമാകുമോ അത്രയും , ഒരുപാട് ചികിത്സയും,വിശ്രമവും ആവശ്യമാണ്.
ഒരുപാട് ആകുലതകളും, വേദനയും പരിചയമില്ലാത്ത ആളാണ് എനിക്കറിയാവുന്ന ലക്ഷ്മിചേച്ചി. ഇന്നലെ അമ്മയെ കണ്ടപ്പോഴും അമ്മ ഇതുതന്നെ ആവർത്തിച്ചു പറഞ്ഞു. മനശക്തി ആർജിക്കാൻ ഈ അവസ്ഥയിലെ ഒരു ഭാര്യക്ക്, അമ്മക്ക് എങ്ങനെ കഴിയും എന്ന ചോദ്യം മാത്രം ഉള്ളിൽ വച്ച് "അളിയാ എന്തുവാടേ"എന്ന ആ വിളി കാത്തിരിക്കുന്ന ഷാനിൽ ഒരു അർദ്ധവിരാമം കുറിച്ച് , ബാലു അണ്ണൻ ഇല്ലാത്ത അനന്തപുരിയോട് വിടചൊല്ലുന്നു.പ്രാർത്ഥനകൾ ഉണ്ടായിരിക്കണം ആ അമ്മക്കൊപ്പം .....