അപർണ|
Last Modified ബുധന്, 4 ജൂലൈ 2018 (11:26 IST)
മലയാള സിനിമയിൽ 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും വെല്ലുവിളിയായി പുതിയൊരു കൂട്ടയ്മയ്ക്ക് കളമൊരുങ്ങുന്നു. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്ക്ക് കളമൊരുങ്ങുന്നത്.
ഇതിനുവേണ്ടിയാണ് അമ്മയെ പിളർത്തിയതെന്ന് ആരോപണമുയരുന്നു. കൂടുതൽ ആൾബലത്തിൽ പുതിയ സംഘടന രൂപീകരിക്കുന്നതിന് വേണ്ടിയാണ് അമ്മയ്ക്കെതിരെ ഇവർ നിലനിന്നതെന്ന് സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ചും വിമെൻ ഇൻ
സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേർ ഒരുമിച്ച് പ്രസ്താവനയിറക്കിയതുമെന്ന് ആരോപണം ഉയരുന്നുണ്ട്.
ആഷിക് അബു വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടൻ തുടർനീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചനകൾ. താരകേന്ദ്രീകൃതം എന്ന നിലയിൽ നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് ഈ കൂട്ടയ്മയ്ക്ക് പിന്നിലെ ലക്ഷ്യം. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവർ ഒപ്പം ചേരുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. ഡബ്ല്യു.സി.സി. മാതൃകയിൽ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്.
ഇതുസംബന്ധിച്ച് ഇവർ ഉടൻതന്നെ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും സൂചനകളുണ്ട്. കഴിഞ്ഞ ദിവസം ആഷികിനെ ലക്ഷ്യമിട്ട് ഫെഫ്ക നടത്തിയ കടന്നാക്രമണം അദ്ദേഹവുമായി അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.