ഭാര്യയുടെ അക്കൗണ്ടിലെത്തിയത് 30 കോടി, പുലി‌വാല് പിടിച്ച് പൂക്കച്ചവടക്കാരൻ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 6 ഫെബ്രുവരി 2020 (19:03 IST)
ബംഗളുരു: ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് 30 കോടി രൂപ വന്നു എന്ന് അറിഞ്ഞ് ഞെട്ടിയിരിയിക്കുകയാണ് കർണാടകയിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരൻ. ഡിസംബർ അഞ്ചിന് അക്കൗണ്ടിൽ മുപ്പത് കോടി രൂപ എത്തുകയായിരുന്നു. എന്നാൽ ബാങ്ക് അധികൃതർ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് സയ്യിദ് ബുഹാനും ഭാര്യ രഹ്ന ബാനുവും ഇത് അറിയന്നത്.

ഇതോടെ ബാങ്ക് അധികൃതർ അക്കൗണ്ട് മരവിപ്പിച്ചു. ജൻദൻ പദ്ധതി പ്രകാരമുള്ള ഇവരുടെ എസ്‌ബിഐ അക്കൗണ്ടിൽ നേരത്തെ ഉണ്ടായിരുന്നത് 60 രൂപ മാത്രമാണ്. എവിടെനിന്നുമാണ് ഇത്രയധികം പണം അക്കൗണ്ടിൽ എത്തിയത് എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ അധികൃതർ. മാസങ്ങൾക്ക് മുൻപ് ഓൺലൈനിലൂടെ ഭാര്യക്ക് സാരി വാങ്ങിയപ്പോൾ കമ്പനി എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചിരുന്നതായി സയ്യിദ് പറഞ്ഞു.

കാർ സമ്മാനമായി ലഭിച്ചു എന്നും, ഇതിനായി 6,900 അടക്കണം എന്നുമായിരുന്നു അയാൾ ആവശ്യപ്പെട്ടത്. എന്നാൽ ചെവിയ്ക്ക് ശസ്ത്രക്രിയ ചെയ്യുന്നതിനായി രണ്ട് ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പണമില്ലെന്നും സയ്യിദ് അയാളെ അറിയിച്ചു. ഇതോടെ എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ആൾ അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് വാങ്ങിയിരുന്നു.

30 കോടി രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നും ഇതിൽ 15 കോടി തിരികെ നൽകണം എന്നും ആവശ്യപ്പെട്ട് പിന്നീട് ഒരാൾ വിളിച്ചതായി സയ്യിദ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. 30 മുതൽ 40 ലക്ഷം വരെ പല തവണകളായാണ് അക്കൗണ്ടിൽ 30 കോടി രൂപ എത്തിയത്. ഓൺലൈൻ തട്ടിപ്പുകാർ ഈ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :