ഗ്രഹനില

ആര്‍. രാജേഷ്

P.S. AbhayanWD
''ഈ വിവാഹം നടക്കില്ല. നടന്നാല്‍ മൂന്നുരാത്രിക്കപ്പുറം നിങ്ങള്‍ ഒന്നിച്ചുണ്ടാവില്ല. അവള്‍ മരിക്കും."
കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരി പറഞ്ഞതൊന്നും പിഴച്ചിട്ടില്ല.
'' എന്നാലും തിരുമേനീ, മൂന്നു വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന മോഹമാണ്... ഒന്നിച്ചൊരു ജീവിതം... പരിഹാരം എന്തെങ്കിലും ചെയ്താല്‍...?" നരേന്ദ്രനു പ്രതീക്ഷയുണ്ട്.
'' ഇല്ലെടോ... ഞാന്‍ ഒന്നും കാണുന്നില്ല...ഈ ജാതകങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല... താന്‍ അവളെ മറക്ക്...എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടെന്ന് ആശ്വസിച്ചു കൂടെ..."

എന്തു ചെയ്യും? സുനിതയോട് എല്ലാക്കാര്യങ്ങളും പറയണോ. അല്ലെങ്കില്‍ ഇങ്ങനെ നോക്കിയതൊക്കെ പറയാതിരിക്കാം... പക്ഷെ പിന്നീട് അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍... എന്താണു വേണ്ടതെന്ന് നരേന്ദ്രന് എത്തും പിടിയും കിട്ടിയില്ല.
സുനിതയോട് കാര്യങ്ങള്‍ പറഞ്ഞൊപ്പിക്കാന്‍ വല്ലാതെ പാടുപെട്ടു.
'' മൂന്നു രാത്രി വേണ്ടാ. ഒരു ദിവസം ഒന്നിച്ചു കഴിഞ്ഞിട്ട് മരിച്ചാലും സന്തോഷമേയുള്ളൂ..."
നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞപ്പോള്‍ നരേന്ദ്രന്‍ നിശബ്ദനായി നിന്നു.

അവന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി അവള്‍ കരഞ്ഞു. ഹൃദയം ചുട്ടു പൊള്ളുന്നുണ്ടെന്ന് അവനു തോന്നി. പിന്നെ കുറേ സമയം അവര്‍ എന്തോ ഓര്‍ത്തിരുന്നു. പിന്നെ അവള്‍ പറഞ്ഞു: '' നമുക്കിത്രയേ വിധിച്ചിട്ടുണ്ടാവൂ... നീ വൈകാതെ കല്യാണം കഴിക്കണം... അമ്മയും സഹോദരനുമൊക്കെ അത് ആഗ്രഹിക്കുന്നുണ്ട്.''
" നീയല്ലാതെ മറ്റൊരു പെണ്ണിനെ... എനിക്കു വയ്യ...''
"അതൊക്കെ മറക്കണം... എനിക്കു വിഷമം ഒന്നുമില്ല... സത്യം...''
നുണ പറയാന്‍ അവള്‍ക്കറിയില്ല.

അവളെ മറക്കാന്‍ പറ്റില്ലെന്ന് നരേന്ദ്രന് മനസിലായി. നരേന്ദ്രന്‍റെ സങ്കടം കണ്ട് അമ്മ തിരക്കി; ഒടുവില്‍ അമ്മയും പറഞ്ഞു. അതു വേണ്ടായെന്ന്.
"ചേരാത്ത ജാതകം ചേര്‍ത്തിട്ട്...നിനക്ക് അതിലും നല്ല ഒരു പെണ്ണ് എവിടെയോ ഉണ്ട്.''

WEBDUNIA|
ദിവസങ്ങള്‍ കടന്നു പോയി. തൊഴാന്‍ പോയി മടങ്ങിയെത്തിയ അമ്മയുടെ മുഖത്ത് പതിവില്ലാത്ത സന്തോഷം. രാത്രി ഊണു കഴിക്കുന്നതിനിടെ അതിന്‍റെ കാരണം മനസിലായി. കുന്നുമ്മേല്‍ മാധവന്‍ നമ്പൂതിരിയുടെ മകള്‍ ഭാമ സുന്ദരിയാണ്. മകന്‍റെ ജാതകം തിരുമേനി പണ്ടേ നോക്കിയിട്ടുള്ളതാണ്. ഇരുവരുടേയും ഗ്രഹനിലയില്‍ അപൂര്‍വ യോഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടത്രേ. ഊണു പാതിയാക്കി നരേന്ദ്രന്‍ എഴുന്നേറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :