സ്വര്‍ണ വിലയില്‍ വെള്ളിയാഴ്ച ഇടിവുണ്ടായപ്പോള്‍ ആശ്വസിച്ചവര്‍ക്ക് വീണ്ടും തലയില്‍ കൈവയ്ക്കാം. ശനിയാഴ്ച വില വീണ്ടും കുതിച്ചുയര്‍ന്നു. പവന് 600 രൂപ വര്‍ദ്ധിച്ച് 20600 രൂപയിലെത്തി നില്ക്കുന്നു.
75 രൂപയുടെ വര്‍ദ്ധനവാണ് ഗ്രാമിന് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 2575 രൂപയാണ് ശനിയാഴ്ചത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനവ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
പവന് 800 രൂപയുടെ ഇടിവുണ്ടായത് വെള്ളിയാഴ്ചയാണ്. 20000 രൂപയായാണ് വില കുറഞ്ഞത്. എന്നാല്‍ ശനിയാഴ്ച വീണ്ടും വില മുന്നേറുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് എക്കാലത്തെയും വലിയ മാര്‍ജിനായ 20000 എന്ന നിരക്കിലേക്ക് സ്വര്‍ണം എത്തിയത്. അടുത്ത ആറുമാസം ഈ നിരക്കിനോട് ചുറ്റിപ്പറ്റിയായിരിക്കും സ്വര്‍ണവില നിലനില്‍ക്കുകയെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.