മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ ചൊവ്വാഴ്ച വീണ്ടും പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് മോഹന്‍ലാല്‍ ഈ വീട്ടില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം എത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഉച്ചയോടെ വീട്ടിലെത്തിയ നാലംഗ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുമ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഇതെക്കുറിച്ച് വ്യക്തമായി പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം ഈ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ രണ്ട് മുറികള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മുറികള്‍ സീല്‍ ചെയ്ത് മടങ്ങുകയായിരുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ചു പൂട്ടിയിരിക്കുന്ന ഈ മുറികള്‍ മോഹന്‍ലാലിന്റെയോ ഭാര്യയുടെയോ വിരലടയാളം ഉണ്ടെങ്കില്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ എന്നതിനാല്‍ അദ്ദേഹം വീട്ടിലെത്തിയിട്ടുണ്ടാവാം എന്നാണ് കരുതപ്പെടുന്നത്.
വൈകിട്ട് ആറുമണിയോടെയാണ് ഉദ്യോഗസ്‌ഥസംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയത്. ഇതിന് തൊട്ട് മുമ്പ് ഈ വീട്ടില്‍ നിന്ന് ഒരു കാര്‍ പുറത്തേക്ക് പോയിരുന്നു. കാറിന്റെ കറുത്ത ഗ്ലാസ് ഉയര്‍ത്തിയതിനാല്‍ അകത്ത് ആരാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കുമൊന്നും വ്യക്തമായതുമില്ല. ഉദ്യോഗസ്ഥര്‍ പോയതിന് ശേഷം മറ്റൊരു കാര്‍ വീട്ടിലേക്ക് വരികയും ചെയ്തു. ഓടിയെത്തിയ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഈ കാറില്‍ പൂ വിതറുകയും ജയ് വിളിക്കുകയും ചെയ്തു. എന്നാല്‍ വന്നിറങ്ങിയ ആളെ കാണാന്‍ സാധിച്ചതുമില്ല.
ബ്ലസി ചിത്രമായ പ്രണയത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായ സ്ഥിതിക്ക് മോഹന്‍ലാല്‍ തേവരയില്‍ എത്തിയിട്ടുണ്ടാവാം എന്നാണ് സൂചന. അതേസമയം അദ്ദേഹം ചെന്നൈയിലെ ആദായ നികുതി ഓഫിസില്‍ എത്തി മൊഴി നല്‍കും എന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. താരങ്ങളെക്കുറിച്ചുള്ള പരിശോധന പൂര്‍ത്തിക്കിയ ശേഷം വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതി വകുപ്പ് പത്രക്കുറിപ്പ് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്.