സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് കഴിഞ്ഞവര്‍ഷം 19.85 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ചരിത്രത്തിലാദ്യമായി ഈ രംഗത്ത് 2.8 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് 2010-11 വര്‍ഷത്തില്‍ പിന്നിട്ടതെന്ന് മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ലീന നായര്‍ ഐ എ എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2011-12 വര്‍ഷത്തില്‍ 4 ബില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്ന കയറ്റുമതിയാണ് മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡവലപ്‌മെന്‍റ് അതോറിറ്റി ലക്‍ഷ്യമിടുന്നതെന്നും ലീന നായര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 8,13,091 ടണ്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 2009-10 വര്‍ഷത്തില്‍ ഇത് 6,78,436 ടണ്‍ ആയിരുന്നുവെന്നും ലീന നായര്‍ ഐ എ എസ് അറിയിയിച്ചു. 2009-10ല്‍ 10,048.53 കോടി രൂപയുടെ കയറ്റുമതി നടന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 12,901.47 കോടി രൂപയായി വര്‍ധിച്ചു.
സംസ്‌കരിച്ച ചെമ്മീന്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് ആകെ കയറ്റുമതിയുടെ 44.17 ശതമാനവും. മറ്റ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സമുദ്രോത്പന്ന കയറ്റുമതി രംഗത്ത് ഇന്ത്യയുടെ സാന്നിദ്ധ്യം ദക്ഷിണേഷ്യയില്‍ 57 ശതമാനവും മധ്യേഷ്യയില്‍ 26 ശതമാനവും ആയി ഉയര്‍ന്നതായും ലീന നായര്‍ പറഞ്ഞു.