സോളാര്‍ വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ തലസ്ഥാന നഗരിയിലെ രണ്ട് ജയിലുകളില്‍ കൂടി സോളാര്‍ പാനല്‍ വഴി വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്മീഷനിംഗിന് തയ്യാറാവുന്നു. ജൂലൈ 22 ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രണ്ട് പദ്ധതികളും കമ്മീഷന്‍ ചെയ്യും.
തിരുവനന്തപുരത്തെ ജില്ലാ ജയിലിലും പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സമുച്ചയത്തിലെ സ്പെഷ്യല്‍ ജയിലിലുമാണ് ഇപ്പോള്‍ പുതുതായി സോളാര്‍ വൈദ്യുതി ഉപയോഗിക്കാന്‍ സംവിധാനം ഒരുങ്ങുന്നത്. നേരത്തേ തന്നെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വൈദ്യുതിയുടെ എല്ലാ ഉപയോഗങ്ങളും സോളാര്‍ പാനല്‍ വഴി ലഭിക്കുന്ന വൈദ്യുതിയിലൂടെ നടത്താനുള്ള സംവിധാനം നടപ്പാക്കിക്കഴിഞ്ഞു
അനര്‍ട്ടിന്‍റെ സഹായത്തോടെ രാജസ്ഥാന്‍ ഇലക്‍ട്രോണിക്സ് ആന്‍റ് ഇന്‍സ്ട്രുമെന്‍റേഷന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇരു ജയിലുകളിലും സോളാര്‍ സംവിധാനം ഒരുക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും സംയുക്ത സംരംഭമാണ് ഈ സ്ഥാപനം.
പത്തനംതിട്ട ജില്ലാ ജയിലിലും സോളാര്‍ സംവിധാനം ഒരുക്കാനുള്ള തിരക്കിലാണിപ്പോള്‍. അനര്‍ട്ടിന്‍റെ ഈ പദ്ധതി ഒന്നര മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.