ജയില്‍ ചാട്ടം: വാഴകൃഷി നശിപ്പിക്കുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
റിപ്പര്‍ ജയാനന്ദന്റെ ജയില്‍ ചാട്ടം കാരണം സുരക്ഷ ഉറപ്പാക്കാന്‍ പൂജപ്പുര ജയില്‍ വളപ്പിലെ വാഴകൃഷി നശിപ്പിച്ചു. ജയില്‍ വളപ്പിലെ കൃഷി തടവുകാര്‍ക്ക് ജയില്‍ ചാടാന്‍ സഹായകമാകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ജയില്‍ ഡിജിപിയുടെ ഉത്തരവുപ്രകാരമാണ് വാഴകള്‍ വെട്ടിയത്.

ഡിജിപിയുടെ ഉത്തരവുപ്രകാരം ജയില്‍ വളപ്പിലെ വാഴയടക്കമുള്ള കൃഷികള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ മൂവായിരത്തോളം വാഴകള്‍ കഴിഞ്ഞദിവസം വെട്ടിനശിപ്പിച്ചിരുന്നു. കുലച്ച ഏതാനും വാഴകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.

18 വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി ശിവജി ജയിലില്‍ ചാടിയിരുന്നു. അതിന് സഹായകമായത് ജയില്‍ വളപ്പിലെ വാഴക്കൃഷിയായിരുന്നു. അതിനാല്‍ ജയിലിലെ സുരക്ഷാപാളിച്ചയുടെ പഴുതടച്ച് സുരക്ഷ ശക്തമാക്കാന്‍ ജയില്‍വളപ്പിലെ വാഴകള്‍ വെട്ടിമാറ്റാന്‍ തീരുമാനമായിരുന്നുവെങ്കിലും നടപ്പാക്കിയില്ല. എന്നാല്‍ വീണ്ടും ജയില്‍ ചാട്ടം സംഭവിച്ചതോടെയാണ് വാഴവെട്ടാന്‍ തീരുമാനിച്ചത്.

നൂറുകണക്കിന് തടവുകാരുടെ അദ്ധ്വാനമാണ് റിപ്പറിന്റെ ജയില്‍ ചാട്ടം കൊണ്ട് പാഴായത്. ഇത് ജയില്‍ വരുമാനത്തേയും ബാധിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള പൊതിച്ചോറിനുള്ള ഇല പൂജപ്പുര ജയിലില്‍ നിന്നാണ് നല്‍കിയിരുന്നത്. വാഴയടക്കമുള്ള കൃഷികള്‍ നശിപ്പിക്കുന്നതിന് തടവുക്കാര്‍ പ്രതിഷേധത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :