പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോഴിയിറച്ചി വാങ്ങിയതില്‍ 10 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. ജയിലില്‍ ചപ്പാത്തിക്കൊപ്പം വിതരണം ചെയ്യാനായി കൊല്ലത്തെ ഒരു ഏജന്‍സിയില്‍ നിന്നാണു കോഴിയിറച്ചി ജയില്‍ അധികാരികള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഏജന്‍സി നല്‍കുന്ന ബില്ലില്‍ കൃത്രിമം കാട്ടി ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിപ്പു നടത്തിയതായി ഓഡിറ്റ് വിഭാഗം കണ്ടെത്തി.
കോഴിയിറച്ചി വാങ്ങുന്നതിനായി നല്‍കുന്ന തുകയും ചിക്കന്‍ കറി വിറ്റ വരുമാനവും ഒത്തുപോകാത്തതിനാല്‍ സംശയം തോന്നിയതോടെയാണു തട്ടിപ്പ് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ശരാശരി ദിവസേന 350 കിലോ കോഴിയിറച്ചിയാണു ഇതിനായി വാങ്ങിയിരുന്നത്. അപൂര്‍വം ചില സ്പെഷ്യല്‍ ഓര്‍ഡര്‍ വരുന്ന ദിവസങ്ങളില്‍ ഇത് 700 കിലോ വരെ ഉയരുകയും ചെയ്യും.
കോഴിയിറച്ചിയുടെ തൂക്കം പൂജ്യം എന്ന സംഖ്യ വരുന്നിടത്ത് ചിലപ്പോള്‍ 8 ആക്കിയും 6 ആക്കിയും പത്തിന്‍റെ ഗുണിതങ്ങളില്‍ തൂക്കത്തില്‍ തട്ടിപ്പു നടത്തിയാണു ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവര്‍ രൂപ സമ്പാദിച്ചത്.
തട്ടിപ്പ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് ഇതിന്‍റെ ചുമതല വഹിച്ചിരുന്ന ഒരു ഫസ്റ്റ് ഗ്രേഡ് ജയിലറും 4 ഹെഡ് വാര്‍ഡന്മാരെയും താത്കാലിക ശിക്ഷാ നടപടി എന്നോണം സ്ഥലം മാറ്റിയിട്ടുണ്ട്. കൂടുതല്‍ ശിക്ഷാ നടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടായേക്കുമെന്നാണു സൂചന.