ജപ്പാനിലുണ്ടായ സുനാമിയില്‍ ഒഴുകിപ്പോയത് 13.85 ലക്ഷംകോടി രൂപയാണെന്ന് ഔദ്യോഗിക കണക്ക്. ജപ്പാന്റെ സമ്പത്ത് വ്യവസ്ഥയെ അപ്പാടെ തകിടം മറിച്ച ഭൂചലനത്തിന്റെയും സുനാമിയുടെയും നാശനഷ്ടക്കണക്കുകള്‍ സര്‍ക്കാര്‍ തന്നെയാണ് പുറത്തുവിട്ടത്. 2011-12 വര്‍ഷത്തെ ചെലവിനായി കേന്ദ്ര ബജറ്റില്‍ ഇന്ത്യ വകയിരുത്തിയിരിക്കുന്ന തുകയേക്കാള്‍ 10 ശതമാനം കൂടുതലാണിത്.
അടിസ്ഥാന സൗകര്യം, ഹൗസിംഗ്, ബിസിനസ് എന്നിങ്ങനെ എല്ലാ മേഖലകളിലെയും നഷ്ടം കണക്കാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതിലും എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥ നഷ്ടമെന്ന് വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
ലോകം ഇന്നേവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ഇരയായി മാറുകയായിരുന്നു ജപ്പാന്. ഔദ്യോഗിക മരണസംഖ്യ 9,000 ആണ്. കത്രീന കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങളായിരുന്നു ഇതിന് മുമ്പ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം.
2004 ഡിസംബറില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമിയേക്കാള്‍ 30 ഇരട്ടിയാണ് ജപ്പാന്റെ നഷ്ടം.
ജപ്പാന്റെ നഷ്ടം 23500 കോടി ഡോളറാണെന്ന് ലോകബാങ്ക് പറഞ്ഞിരുന്നു.
ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട മാര്‍ച്ച് 14 മുതല്‍ ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. 140,000 കാറുകളുടെ ഉത്പാദനനഷ്ടമാണ് ഇതുവരെ കമ്പനിക്കുണ്ടായത്.