ന്യൂസിലാന്‍ഡില്‍ ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്നൂറോളം ആളുകള്‍ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
രാജ്യത്തെ രണ്ടാമത്തെ വന്‍ നഗരമായ ക്രൈസ്‌റ്റ് ചര്‍ച്ചിലാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നാശം വിതച്ചത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.51 ഓടെയായിരുന്നു സംഭവം. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ ശ്രമം തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരിക്കുകയാണ്.
200 പേരാണ് പരുക്കേറ്റ് ആശുപത്രിയിലുള്ളത്. ഗുരുതരമായി പരുക്കേറ്റ ചിലരെ ഓക്‍ലാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ബന്ധം, ഫോണ്‍, വാതക പൈപ്പ് ലൈന്‍ എന്നിവയെല്ലാം താറുമാറായിരിക്കുകയാണ്.
സെപ്തംബറിലുണ്ടായ ഭൂചലത്തിന്റെ നടുക്കം വിട്ടുമാറും മുമ്പെയാണ് വീണ്ടും ദുരന്തം ഉണ്ടായിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് പലര്‍ക്കും പരുക്കേറ്റത്. 370,000 ആളുകളാണ് ക്രൈസ്‌റ്റ് ചര്‍ച്ചില്‍ താമസിച്ചിരുന്നത്. നിരവധി വീടുകളും പള്ളികളും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് ക്രൈസ്റ്റ്ചര്‍ച്ച് വിമാനത്താവളം അടച്ചു. ക്രൈസ്റ്റ് ചര്‍ച്ചില്‍ നിന്ന് 10 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കഴിഞ്ഞ സെപ്തംബറില്‍ റിക്ടര്‍സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലാന്‍ഡിനെ നടുക്കിയിരുന്നു. പസഫിക് മേഖലയിലെ ഭൂകമ്പത്തിനും അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്.
14,000 ഭൂകമ്പങ്ങള്‍ വരെ ഒരു വര്‍ഷം ഈ രാജ്യത്ത് ഉണ്ടാവുന്നുണ്ട്. എന്നാല്‍, ഇവയില്‍ നൂറ്റിയമ്പതോളം മാത്രമേ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബാധിച്ചിരുന്നുള്ളൂ.