ചൈനയോട് മുട്ടാനുറച്ചുതന്നെ ജപ്പാന്‍

WEBDUNIA|
PRO
നമ്മള്‍ ‘ഭാരതം’ എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന പോലെ ‘നിപ്പോണ്‍’ എന്നാണ് ജപ്പാന്‍‌മാര്‍ അവരുടെ നാടിനെ വിളിക്കുന്ന പേര്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയ്ക്ക് തൊട്ടുപിന്നില്‍ ജപ്പാന്‍ ഉണ്ടായിരുന്നപ്പോള്‍ നിപ്പോണില്‍ നിന്നുള്ള ഉല്‍‌പന്നങ്ങളുടെ വസന്തം ലോകമെങ്ങും സുഗന്ധം പരത്തിയിരുന്നു. നമുക്കും ആ കാലം മറക്കാനാകില്ല. കാസറ്റ് പ്ലെയര്‍ തൊട്ട് സിഗരറ്റ് ലൈറ്റര്‍ വരെ ‘മെയ്ഡ് ഇന്‍ ജപ്പാന്‍’ എന്ന ലേബലില്‍ ലോക വിപണികളില്‍ കൊടികുത്തി വാണു.

ഏഷ്യന്‍ വിപണിയിലും ജപ്പാന്‍ കൊയ്തെടുത്ത നേട്ടങ്ങള്‍ക്ക് കണക്കില്ല. തോഷിബ, പാനാസോണിക്ക്, മിത്‌സുബിഷി, മത്‌സുഷിത, ഹിറ്റാച്ചി, നിപ്പോ, സാനിയോ എന്നീ ബ്രാന്‍ഡുകള്‍ ഗള്‍ഫില്‍ നിന്ന് വരുന്നവര്‍ ഇന്ത്യയിലെത്തിച്ചു. ഇന്ത്യയിലെ ഒരു തലമുറയെ ആധുനിക യന്ത്രോപകരണങ്ങളിലേക്ക് കൈപിടിച്ച് നടത്തിയത് നിപ്പോണ്‍ വസന്തമാണെന്ന് ചുരുക്കത്തില്‍ പറയാം.

സാമ്പത്തികമാന്ദ്യം ജപ്പാനെ പിടിച്ചുലച്ചതോടെ നിപ്പോണ്‍ വസന്തം അവസാനിച്ചു. എന്നാല്‍ തൊട്ടരുകിലുള്ള രാജ്യമായ ചൈനയാകട്ടെ, ജപ്പാനീസ് ഉല്‍‌പന്നങ്ങള്‍ കൊടികുത്തി വാണിരുന്ന ആധുനിക യന്ത്രോപകരണ വിപണി പിടിച്ചു. നഖം വെട്ടി തൊട്ട് പെന്‍ ഡ്രൈവ് വരെയുള്ള ഉല്‍‌പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍‌പാദിപ്പിച്ച് നിയമപരമായും അല്ലാതെയും വിപണികളില്‍ എത്തിച്ച് ചൈനീസ് കമ്പനികള്‍ ലോകമാര്‍ക്കറ്റ് പിടിച്ചു.

മാറിവരുന്ന സമ്പദ്‌വ്യവസ്ഥയെ സസൂക്ഷ്മം പഠിച്ച ജപ്പാന്‍ ഒന്ന് മനസിലാക്കി. സഹകരണം ഒന്ന് മാത്രമാണ് ഈയവസ്ഥയില്‍ നിപ്പോണ്‍ വസന്തം തിരികെ കൊണ്ടുവരാനുള്ള ഏക മാര്‍ഗമെന്ന്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയുമായി ജപ്പാന്‍ ‘സ്വതന്ത്രവ്യാപാര കരാറി’ല്‍ ഒപ്പിട്ടിരിക്കുകയാണ്.

സ്വതന്ത്രവ്യാപാര കരാര്‍ അനുസരിച്ച് ജപ്പാനില്‍ നിന്നുള്ള ഉല്‍‌പന്നങ്ങള്‍ക്ക് വെറും ആറ്‌ ശതമാനം മാത്രമേ ഇറക്കുമതിച്ചുങ്കം നല്‍‌കേണ്ടി വരികയുള്ളൂ. അതായത് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന പല ഉല്‍‌പന്നങ്ങളേക്കാളും കുറഞ്ഞ വിലയില്‍ ജപ്പാന്‍ ഉല്‍‌പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാനുള്ള സുവര്‍ണാവസരമാണ് ജപ്പാന് കൈവന്നിരിക്കുന്നത്. അതുപോലെ, ഇന്ത്യന്‍ ഉല്‍‌പന്നങ്ങള്‍ ഇന്ത്യക്കും ജപ്പാനില്‍ ഇതേ ഇറക്കുമതിച്ചുങ്കം ചെലുത്തി വില്‍‌പന നടത്താം.

പഴയപോലെ ഇന്ത്യന്‍ വിപണിയിലേക്ക്‌ ഇനി ജപ്പാനീസ്‌ ബ്രാന്‍ഡുകളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്ന് ഈ കരാറോടെ ഉറപ്പായി. എല്‍ഇഡി, എല്‍സിഡി ടിവികള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉല്‍‌പന്നങ്ങളുമായി ജപ്പാന്‍ കമ്പനികള്‍ വരവായി എന്നര്‍ത്ഥം.

ഇന്ത്യയുമായി ജപ്പാന്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ ചൈനയെ ഉന്നം‌വച്ചുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. ‘എന്റര്‍ ദ ഡ്രാഗണ്‍’ എന്ന നിലയിലേക്ക്‌ കുതിച്ചുയരുന്ന കാഴ്ച പരിശ്രമശാലികളായ ജപ്പാന്‍‌കാര്‍ക്ക് അത്ര പിടിക്കുന്നില്ല. ജപ്പാന്‍ ഒരിക്കല്‍ തകര്‍ത്തുനാണിരുന്ന ഇലക്‌ട്രോണിക്സ് ഉല്‍‌പന്ന വിപണിയില്‍ ചൈനയ്ക്കൊപ്പം മലേഷ്യ, സിംഗപ്പൂര്‍, തായ്‌വാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇപ്പോള്‍ കൊടികുത്തി വാഴുകയാണ്. നഷ്ടപ്പെട്ട വസന്തം വീണ്ടെടുക്കാന്‍ ഇന്ത്യയുമായി ഒപ്പുവച്ചിരിക്കുന്ന കരാര്‍ സഹായിക്കുമെന്നാണ് ജപ്പാന്‍ കണക്കുകൂട്ടുന്നത്.

ഗുണമേന്മയുടെ കാര്യത്തില്‍ ഒട്ടും ഒത്തുതീര്‍പ്പില്ലാത്ത ജപ്പാനീസ് ഉല്‍‌പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭ്യമാകാന്‍ ഒരുങ്ങുന്നത് ചൈനയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഏഷ്യന്‍ വിപണിയില്‍ ഇപ്പോള്‍ തങ്ങള്‍ക്കുള്ള മേല്‍‌ക്കോയ്മ വിട്ടുകൊടുക്കാന്‍ ചൈന തയ്യാറാകില്ല. ജപ്പാനീസ് വസന്തത്തെ കൊല്ലാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നാണ് ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ ചിന്തിച്ച് കൊണ്ടിരിക്കുന്നത്. എന്തായാലും ഒന്നുറപ്പാണ്, വിദേശത്തെയും ഇന്ത്യയിലെയും ഭീമന്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ വച്ച് ജപ്പാനും ചൈനയും മാറ്റുരയ്ക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :