എയര്‍ഇന്ത്യ ബോര്‍ഡ് ഉടച്ചുവാര്‍ക്കും: പട്ടേല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 22 ജൂലൈ 2009 (15:19 IST)
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയുടെ കമ്പനി ബോര്‍ഡ് ഒരു മാസത്തിനകം ഉടച്ചുവാര്‍ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അതേസമയം ഒരു പരിധിയില്‍ കൂടുതല്‍ സര്‍ക്കാരിന് കമ്പനിയെ സഹായിക്കാ‍നാവില്ലെന്നും പട്ടേല്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യ നേരിടുന്ന പ്രതിസന്ധി മാനേജ്മെന്‍റാണ് പരിഹരിക്കേണ്ടത്. സര്‍ക്കാരിന് ഒരു പരിധിയില്‍ കൂടുതല്‍ ഈ വിഷയത്തില്‍ ഇടപെടാനാവില്ല. ഉപദേശക സമിതിയില്‍ കഴിവുറ്റ പ്രൊഫഷണലുകളെ നിയമിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എയര്‍ഇന്ത്യയുടെ പ്രവര്‍ത്തന രീതികളില്‍ കാലോചിതമായ മാറ്റം വേണമെന്ന് മന്ത്രി പറഞ്ഞു.

5000 കോടി രൂപയുടെയെങ്കിലും പ്രവര്‍ത്തന നഷ്ടമാണ് എയര്‍ ഇന്ത്യക്ക് പ്രതീക്ഷിക്കുന്നത്. കമ്പനിക്ക് 10,000 കോടി രൂപയുടെ സഹായ പാക്കേജ് അനുവദിക്കാന്‍ പട്ടേല്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് സ്വകാര്യ കമ്പനികളുമായുള്ള മല്‍സരത്തിന്‍റെ ഭാഗമായി കൂടുതല്‍ ചെലവ് കുറഞ്ഞ സര്‍വീസുകള്‍ തുടങ്ങുമെന്ന് നേരത്തെ മന്ത്രി അറിയിച്ചിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :