ഇന്ത്യ 7.4 ശതമാനം വളര്‍ച്ച നേടും

ന്യൂഡല്‍ഹി| WEBDUNIA|
ആഗോള പ്രതിസന്ധി തുടരുകയാണെങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് 7.4 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അടുത്ത വര്‍ഷം 6.3 ശതമാനത്തിന്‍റെ വളര്‍ച്ച ഉറപ്പാക്കുമെന്ന് കമ്മീഷന്‍ വിലയിരുത്തി. കൂടൂതല്‍ പാക്കേജുകള്‍ ഒന്നും പ്രഖ്യാപിച്ചില്ലെങ്കില്‍ പോലും 2009-10 വര്‍ഷം ഈ വളര്‍ച്ച നില നിര്‍ത്താനാകും. എങ്കിലും 30,000 കോടി രൂപയുടെ ഒരു സഹായ പാക്കേജ് കൂടി പ്രഖ്യാപിക്കുകയാണെങ്കില്‍ ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 1.1 ശതമാനം കൂടി ഉയരുമെന്നും കമ്മീഷന്‍ വിലയിരുത്തി.

ഗ്രാമീണ റോഡുകള്‍, ജലസേചനം, കുടിവെള്ളം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ജല വിതരണം എന്നിവയിലായിരിക്കണാം കൂടുതല്‍ മുതല്‍ മുടക്കേണ്ടതെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. നടപ്പ് വര്‍ഷം രാജ്യം 6.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ ഒരു ചടങ്ങില്‍ സംസാരിക്കവെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് ആലുവാലിയ പറഞ്ഞു. നിക്ഷേപത്തിലും കയറ്റുമതിയിലും ഇടിവ് വന്നതും എണ്ണ വില കുറഞ്ഞതും ഈ വര്‍ഷത്തെ വളര്‍ച്ചയെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :