മാന്ദ്യം ഉടന്‍ മറികടക്കാനാകും: ഒബാമ

വാഷിംഗ്ടണ്‍| WEBDUNIA|
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി പ്രസിഡന്‍റ് ബരാക് ഒബാമ പറഞ്ഞു. കാര്യങ്ങള്‍ ശരിയായ ദിശയിലാണ് ഇപ്പോല്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും ഒബാമ അഭിപ്രായപ്പെട്ടു.

അതേസമയം, പൂര്‍ണമായും പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ അല്‍പം കൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ഒബാമ അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ അവതരിപ്പിച്ച 3.6 ട്രില്യണ്‍ ബജറ്റ്‌ പാസാകുകയാണെങ്കില്‍ അടുത്ത 20 വര്‍ഷത്തേക്ക്‌ അമേരിക്കയ്ക്ക്‌ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. ബജറ്റില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും, വിപണിയിലേക്കുള്ള പണമൊഴുക്കിനുമാണ്‌ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

മാന്ദ്യം മറികടക്കാന്‍ ആഗോളതലത്തില്‍ കൂട്ടായ ശ്രമാമാണ് വേണ്ടതെന്ന് ഒബാമ ലോക രാഷ്ട്രങ്ങളോടഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ രണ്ടിന് ജി20 രാഷ്ട്രങ്ങള്‍ ലണ്ടനില്‍ യോഗം ചേരാനിരിക്കെയാണ് ഒബാമയുടെ ഈ പ്രസ്താവന. പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നടപടികളെടുക്കുന്നത് സംബന്ധിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു.

ആഗോള കറന്‍സി വേണമെന്ന ആവശ്യം ഒബാമ തള്ളിക്കളഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധിയുടെ നിയന്ത്രണത്തില്‍ ഒരു പുതിയ ആഗോള കറന്‍സി നടപ്പില്‍ വരുത്തണമെന്ന് ചൈനയും റഷ്യയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ കറന്‍സി വാണിജ്യ, നിക്ഷേപ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലാകണമെന്നും ഇരു രാജ്യങ്ങളും നിര്‍ദേശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :