അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (17:42 IST)
യുഎസും യൂറോപ്യൻ യൂണിയനും പുറമെ ഗൂഗിളടക്കമുള്ള ടെക് ഭീമന്മാരും ഉപരോധവുമായി മുന്നോട്ട് നീങ്ങവെ തിരിച്ചടിയിൽ ഉലഞ്ഞ് റഷ്യൻ സമ്പദ്‌വ്യവസ്ഥ. നിലവിൽ സാമ്പത്തികമായി ഉപരോധമേർപ്പെടുത്തിയത് റഷ്യയ്ക്കാണെങ്കിലും എണ്ണവിലയിലടക്കുള്ള വർധനവ് ലോകത്തെയാകെ പ്രതിസന്ധിയിലാക്കും.
ഉപരോധത്തെ തുടർന്ന് റൂബിളിന്റെ വില റെക്കോർഡ് നിലവാരത്തിലേക്കാണു താഴ്ന്നത്. ഡോളറൊന്നിനു റൂബിളിന്റെ മൂല്യം 85.35 ആയിരുന്നത്. 120 നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഇതുമൂലം റഷ്യയുടെ വിദേശകടം ഒന്നര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്.
കേന്ദ്ര ബാങ്കിന്റെ മുഖ്യനിരക്ക് 9.5 ശതമാനത്തിൽനിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തിയതായി ആഗോളമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം അസംസ്കൃത എണ്ണയുടെ ആഗോള ആവശ്യത്തിന്റെ 10% മാത്രമാണു റഷ്യയിൽ നിന്നുള്ളതെങ്കിലും റഷ്യയ്ക്ക് മേലുള്ള ഉപരോധം എണ്ണവില ഉയർത്തുമെന്നാണ് കരുതുന്നത്.
ബ്രെന്റ് ക്രൂഡ് അവധി വില 102.09 യുഎസ് ഡോളർ നിലവാരത്തിലാണ്. ഒരു മാസത്തിനകം ഇത് 115 ഡോളറിലെത്താമെന്നാണ് കണക്കാക്കപ്പെടുന്നത്. എണ്ണവില ഉയരുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പണപ്പെരുപ്പത്തിലേക്ക് കേന്ദ്ര ബാങ്കുകളെ നിരക്ക് വർധനയ്ക്കും നിർബന്ധിതമാക്കും. യുഎസ് ഫെഡറൽ റിസർവ് ഈ മാസം തന്നെ 0.25% പലിശ വർധന പ്രഖ്യാപിച്ചേക്കുമെന്നാണ് ഗോൾഡ്‌മാൻ സാക്‌സ് വിലയിരുത്തുന്നത്.
അതേസമയം പലാഡിയം പോലുള്ള ലോഹങ്ങളുടെ ലഭ്യത കുറവ് വാഹനവ്യവസായത്തിന് ലോകമെങ്ങും വെല്ലുവിളിയാകും.