ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കി ഫിഫ, വനിത യൂറോകപ്പിലും മത്സരിക്കാനാകില്ല

അഭിറാം മനോഹർ| Last Updated: ചൊവ്വ, 1 മാര്‍ച്ച് 2022 (14:54 IST)
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയെ ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാമത്സരങ്ങളിൽ നിന്നും വിലക്കി ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ. അനിശ്ചിതകാലത്തേയ്ക്കാണ് റഷ്യയ്ക്ക് മേൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി.രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(IOC) നിര്‍ദേശത്തിന് പിന്നാലെയാണ് ഫിഫയുടെ നടപടി.

നേരത്തെ റഷ്യയ്ക്ക് രാജ്യത്തിന്റെ പറിൽ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂര്‍ണമെന്‍റുകളില്‍ ഉപയോഗിക്കുന്നതിനും ഫിഫ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടി കുറഞ്ഞുപോയെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഫിഫയുടെ നടപടി. ഇതിനിടെ റഷ്യന്‍ ഊര്‍ജ്ജ ഭീമന്‍മാരായ ഗാസ്പ്രോമുമായുള്ള സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാൻ തീരുമാനിച്ചു.

ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ കളിക്കേണ്ട പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്ലബിക് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്.ഇതിന് പിന്നാലെ ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും റഷ്യയുമായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി.ഫിഫയുടെ നടപടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ സംഘടനയായ യുവേഫയും വിലക്കേര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യക്ക് മത്സരിക്കാനാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :