മൊബൈല്‍ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 93.3 കോടി

ന്യൂഡല്‍ഹി| VISHNU.NL| Last Updated: ചൊവ്വ, 13 മെയ് 2014 (19:27 IST)
രാജ്യത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി ടെലികോം റെഗലേറ്ററി അഥോറിറ്റി അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 93.3 കോടിയായി ഉയര്‍ന്നതായി അവര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മാര്‍ച്ചില്‍ പത്തുലക്ഷം പേരാണ്‌ പുതിയ ഉപയോക്താക്കളായത്.

മൊബെയില്‍ ഫോണ്‍ വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളാണു മുന്നില്‍. 37.77 കോടി ഗ്രാമീണര്‍ക്ക്‌ മൊബെയില്‍ഫോണുണ്ട്‌. എന്നാല്‍ നഗരങ്ങളില്‍ ഇതേകാലയളവില്‍ 55.69 കോടി ഉണ്ടായിരുന്നപ്പോള്‍ ഇക്കുറി അത്‌ 55.52 കോടിയായി കുറഞ്ഞു.

റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ മൊത്തം ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാമതാണ്‌. 11 കോടി പേരാണ്‌ റിലയന്‍സിന്റെ നെറ്റ്‌വര്‍ക്കിലുള്ളത്‌. അതേസമയം ഫിക്സഡ്‌ ലൈന്‍ ഉപയോക്താക്കളുടെ എണ്ണം കാര്യമായി കുറഞ്ഞതായും കണാക്കുകള്‍ പറയുന്നു. റിലയന്‍സിനെക്കൂടാതെ പൊതുമേഖലാ കമ്പനിയായ ബിഎസ്‌എന്‍എലിനും നഷ്ടം സംഭവിച്ചു.

പുത്തന്‍ ഉപയോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഐഡിയ ആണ്‌ മുന്നില്‍. 22.1 ലക്ഷം പേരാണ്‌ കമ്പനിക്ക്‌ അധികമായി ലഭിച്ചത്‌. മൊത്തം 13.57 കോടിയാണ്‌ ഉപയോക്താക്കളുടെ എണ്ണം. രണ്ടാമത്‌ വോഡഫോണ്‍ ആണ്‌ 22 ലക്ഷം. എയര്‍ടെല്‍ 18.9 ലക്ഷം, എയര്‍സെല്‍ പത്തുലക്ഷം, യൂണിനോര്‍ ഏഴുലക്ഷം, വീഡിയോകോണ്‍ 3.2 ലക്ഷം, സിസ്റ്റേമ 2.4 ലക്ഷം എന്നിങ്ങനെയാണ്‌ പുതിയ ഉപയോക്താക്കളുടെ എണ്ണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :