4 ജി ലൈസന്‍സ്‌: കേന്ദ്രത്തിനും ട്രായിക്കും നോട്ടീസ്

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 10 മെയ് 2014 (11:21 IST)
2ജി ലൈസന്‍സ് വിവാദത്തിനു പുറമെ രാജ്യത്ത് 4 ജി ലൈസന്‍സിലും വിവാദം കൊഴുക്കുന്നു.
റിലയന്‍സ്‌ ജിയോ ഇന്‍ഫോകോമിനു 4 ജി ലൈസന്‍സ്‌ അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ഇതില്‍ 40,000 കോടിയുടെ അഴിമതി നടന്നതായും കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി വന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ടെലികോം റെഗുലേറ്ററി അഥോറിറ്റിയും മറുപടി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

എന്‍ജിഒ ആയ പബ്ലിക്‌ ഇന്ററസ്റ്റ്‌ ലിറ്റിഗേഷന്‍ ആണ്‌ ഹര്‍ജി നല്‍കിയത്‌. മുകേഷ്‌ അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ റിലയന്‍സ്‌ ജിയോ ഇന്‍ഫോകോം. ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷന്‍ പ്രശാന്ത്‌ ഭൂഷണാണ് ഇതേപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.

റിലയന്‍സിനു 22,842 കോടി രൂപയുടെ നേട്ടമുണ്ടാക്കിയതു മാത്രമല്ല
ഈ നടപടി സര്‍ക്കാര്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. 1658 കോടി രൂപ പ്രവേശന ഫീസ്‌ മാത്രം വാങ്ങിയാണ്‌ ഈ നടപടി. 2ജി സ്പെക്ട്രം കേസില്‍ ഈ രീതി തള്ളിയതാണ്‌.

മറ്റു കമ്പനികള്‍ക്കു നിശ്ചയിച്ചതിനേക്കാള്‍ താഴ്‌ന്ന നിരക്കിലാണ്‌ റിലയന്‍സ്‌ ജിയോയില്‍ നിന്നു ഫീസ്‌ ഈടാക്കിയത്‌. ഇതു തികച്ചും വിവേചനമാണെന്നും ഇടപാടിനെപ്പറ്റി കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘമോ സിബിഐയോ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :