സ്വര്‍ണ്ണത്തിന്റെ മാറ്റ് വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി| VISHNU.NL| Last Modified വെള്ളി, 9 മെയ് 2014 (11:46 IST)
നിക്ഷേപകര്‍ വീണ്ടും ആശങ്കയിലാക്കി സ്വര്‍ണ്ണം വീണ്ടും അതിന്റെ സ്ഥിരതയില്ലായ്മ പ്രകടമാക്കുന്നു. ഉക്രെയ്‌ന്‍ - റഷ്യ രാഷ്‌ട്രീയ അസ്വാരസ്യങ്ങളെ കൂട്ടുപിടിച്ച് മുകളിലേക്ക് കുതിച്ച സ്വര്‍ണ്ണം അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ വെട്ടിക്കുറയ്ക്കുമെന്ന സൂചനകള്‍ വന്നതോടെ പവന് 200 രൂപ ഒറ്റയടിക്ക് താഴ്ന്നു.

വിപണിയില്‍
22,480 രൂപയാണ്
ഒരു പവന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,815ലെത്തി. അമേരിക്കയിലെ സാമ്പത്തി സ്ഥിതി മെച്ചപ്പെട്ടുവെന്ന് വിലയിരുത്തിക്കൊണ്ടാണ് ഫെഡറല്‍ റിസര്‍വ് സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ വെട്ടിക്കുറയ്‌ക്കുന്നത്.

കടപ്പത്രങ്ങള്‍ വാങ്ങുന്ന തുക കുത്തനേ കുറയ്‌ക്കുകയാണ് ഇതിനായി ഫെഡറല്‍ റിസര്‍വ് സ്വീകരിക്കുന്ന നടപടി. ഫെഡറല്‍ റിസര്‍വിന്റെ ഈ നീക്കത്തെ തുടര്‍ന്ന്, സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുന്നതാണ് വില കുറയാനിടയാക്കുന്നത്.

ഇതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റ് പണം ഓഹരി വിപണികളിലേക്ക് മാറ്റുകയാണ്. ന്യൂയോര്‍ക്ക് വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് ഇന്നലെ ഒന്നര ശതമാനം വിലകുറഞ്ഞ് 1,288 ഡോളറിലെത്തി.

ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ഇന്ത്യയിലും ചൈനയിലും ഡിമാന്‍ഡ് കുറഞ്ഞതും നടപ്പു വര്‍ഷം സ്വര്‍ണത്തിന് തിരിച്ചടിയാകും. നടപ്പു വര്‍ഷം ട്രോയ് ഔണ്‍സിന് വില 1,150 ഡോളര്‍ വരെ താഴ്‌ന്നേക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അഭിപ്രായപ്പെടുന്നു.

ന്യൂഡല്‍ഹി ബുള്യന്‍ വിപണിയില്‍ ഇന്നലെ പത്ത് ഗ്രാമിന് 350 രൂപ കുറഞ്ഞ് വില 30,400 രൂപയിലെത്തി. ദേശീയ വിപണിയില്‍ വില കുത്തനേ കുറയുന്നതോടെ സംസ്ഥാനത്ത് പവന്‍ വില 20,000 രൂപയിലെത്തും. കഴിഞ്ഞ ജൂലായിലാണ് സ്വര്‍ണവില സംസ്ഥാനത്ത് അവസാനമായി പവന് 20,000 രൂപ രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :