ഫെഡ് റിസർവ് തീരുമാനം രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകും, ഇന്ധനവില ഇനിയും ഉയരും

അഭിറാം മനോഹർ| Last Modified വ്യാഴം, 16 ജൂണ്‍ 2022 (17:04 IST)
അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയത് രാജ്യാന്തരതലത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തൽ. 28 വർഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് റിസർവ് പലിശ നിരക്ക് 0.75 ശതമാനം ഉയർത്തുന്നത്. ഇന്ത്യയുൾപ്പടെ വികസ്വര രാജ്യങ്ങളെയാകും ഈ തീരുമാനം പ്രധാനമായും ബാധിക്കുക.

ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ കൊഴിഞ്ഞുപോകുന്നതിന് യുഎസ് തീരുമാനം കാരണമാകും. ഇന്ത്യൻ വിപണിയിൽ നിന്ന് വൻ തോതിൽ നിക്ഷേപങ്ങൾ പോകുന്നത് യുഎസ് ഡോളറിനെ ശക്തിപ്പെടുത്തുകയും ഇത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുകയും ചെയ്യും. ഇത് ഇറക്കുമതി ചിലവ് വൻ തോതിൽ ഉയരാൻ കാരണമാകും.

ഇന്ത്യയുടെ ആവശ്യത്തിൻ്റെ 85 ശതമാനം എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഡോളറിലാണ് ഈ ഇടപാടുകൾ നടക്കുന്നത് എന്നതിനാൽ തന്നെ ഇറക്കുമതിയ്ക്ക് വേണ്ടി രാജ്യം കൂടുതൽ കാശ് ചിലവിടേണ്ടതായി വരും. ഇന്ധനത്തിൻ്റെ ഇറക്കുമതി ചിലവേറിയതാകുന്നത് രാജ്യത്തിൻ്റെ ജിഡിപി വളർച്ചാ നിരക്കിനെയും പിന്നോട്ടടിക്കും. അതിനാൽ രാജ്യത്ത് ഇന്ധനവില സമീപ ഭാവിയിൽ തന്നെ ഉയരാനാണ് സാധ്യതയേറെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :