അഭിറാം മനോഹർ|
Last Modified ഞായര്‍, 22 ഡിസംബര്‍ 2019 (13:19 IST)
ഇന്ത്യൻ പൗരന്മാർ അവരുടെ ബാങ്കിന്റെ കെ വൈ സി ഫോമുകളിൽ മതം വെളിപ്പെടുത്തേണ്ടി വരുമെന്ന തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തള്ളി സർക്കാർ. നിലവിലുള്ള ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ കെ വൈസിക്കോ ഇന്ത്യൻ പൗരന്മാർ തങ്ങളുടെ മതം വ്യക്തമാക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാറാണ് ട്വീറ്റ് ചെയ്തത്.
ബാങ്കുകളുടെ ഇത്തരം നീക്കങ്ങളെ പറ്റിയുള്ള അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ പാകിസ്ഥാൻ,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ദീർഘകാല വിസ കൈവശമുള്ള ഹിന്ദു,ജൈന,പാഴ്സി,ക്രിസ്ത്യൻ അഭയാർത്ഥികൾ കെ വൈ സി ഫോമുകളിൽ തങ്ങളുടെ മതം രേഖപെടുത്തേണ്ടിവരുമെന്ന് നേരത്തെ മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.