സാമ്പത്തിക പ്രതിസന്ധി,സ്കൂൾ വിദ്യഭ്യാസ ഫണ്ടിൽ നിന്നും 3000 കോടി വെട്ടിക്കുറക്കാൻ കേന്ദ്ര നിർദേശം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (15:32 IST)
2019-20 ബജറ്റിൽ സ്കൂൾ വിദ്യാഭ്യാസത്തിനായി അനുവദിച്ച ഫണ്ട് വെട്ടിക്കുറക്കാൻ കേന്ദ്ര നിർദേശം. നിലവിൽ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ധനമന്ത്രാലയത്തിനെ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. 19-20 കാലയളവിൽ സ്കൂൾ വിദ്യാഭ്യാസത്തിനായി അനുവദിച്ചിരുന്ന 56,563 കോടി രൂപയിൽ നിന്നും 3000 കോടി വെട്ടിക്കുറക്കാനാണ് കേന്ദ്രം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ഫണ്ടിന്റെ അപ്ര്യാപ്തതയാണ് നീക്കത്തിന് പിന്നില്ലെന്നാണ് മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനെ സംബന്ധിച്ച അറിയിപ്പുകൾ ധനമന്ത്രാലയം നൽകിയതായി എച് ആർ ഡി വകുപ്പിനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ഫണ്ട് കുറച്ചത് നിരവധി പദ്ധതികൾക്ക് തിരിച്ചടിയാകുമെന്ന് എച് ആർ ഡി ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ പ്രവർത്തനത്തിന് തന്നെ ഫണ്ടിന്റെ ക്ഷാമമുള്ളതായും ഫണ്ട് വെട്ടിക്കുറക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് മന്ത്രാലയം പറയുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സ്കൂൾ വിദ്യാഭ്യാസ ഫണ്ടിൽ ആനുപാതിക വർധനവുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്.

മൂന്ന് വർഷത്തിനിടെ 9,000 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് 2017-18ൽ 46,000 കോടിയായിരുന്നു വിദ്യാഭ്യാസത്തിന് നൽകിയിരുന്നത്. 2018-19ൽ ഇത് 50,113 ആയി ഉയർന്നു. എന്നാൽ നിലവിലെ സാമ്പത്തിക പ്രയാസമാണ് നിലവിൽ ഫണ്ട് വെട്ടിക്കുറക്കുന്നതിലേക്ക് ധനമന്ത്രാലയത്തെ എത്തിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :