വില്‍പ്പനയ്ക്കെതിരെ അഡെബയോര്‍

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 24 ജൂലൈ 2009 (18:12 IST)
തന്നെ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് വില്‍ക്കാനുള്ള ആര്‍സണലിന്‍റെ തീരുമാനത്തിനെതിരെ ടോഗോ സട്രൈക്കര്‍ ഇമ്മാനുവല്‍ അഡെബയോര്‍ രംഗത്തു വന്നു. പണത്തിന് അത്യാവശ്യമുള്ളതു കൊണ്ടാണ് തന്നെ ആര്‍സണല്‍ വിറ്റൊഴിവാക്കിയതെന്ന് അഡെബയോര്‍ കുറ്റപ്പെടുത്തി. സിറ്റിയിലേക്ക് പോകുന്നത് പണത്തിന് വേണ്ടിയല്ലെന്നും തന്‍റെ ദീര്‍ഘകാല സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണെന്നും അഡെബയോര്‍ പറഞ്ഞു.

സിറ്റിയിലേക്ക് മാറാനുളള തീരുമാനം മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ എനിക്ക് ഒരാഴ്ചയോളം വേണ്ടി വന്നു. എന്നെ വില്‍ക്കാനെന്താണ് കാരണമെന്ന് ആര്‍സണല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് പണം വേണമായിരുന്നു. അതിനായി അരെയെങ്കിലും വില്‍ക്കുകയും. അത് ഞാനായി എന്നേയുള്ളു-അഡെബയോര്‍ പറഞ്ഞു.

എന്നെ ഞാനാക്കിയത് ആര്‍സണല്‍ പരിശീലകനായ ആര്‍സണ്‍ വെംഗറാണ്. എന്നാല്‍ ഞാന്‍ ക്ലബ്ബ് വിടുകയാണെന്ന് ഒരിക്കലും അദ്ദേഹത്തൊട് പറഞ്ഞിട്ടില്ല. മറിച്ച് ഇവിടെ തുടരാന്‍ ആഗ്രമുണ്ടെന്നാണ് അദ്ദേഹത്തോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിട്ടൊന്നുമില്ല. അവര്‍ക്ക് പണം വേണമായിരുന്നു. അതിന് എന്നെ വിറ്റു. 25 മില്യണ്‍ പൌണ്ടിനാണ് അഡെബയോറിനെ സിറ്റി വലയിലാക്കിയത്. അഞ്ചുവര്‍ഷത്തേക്കാണ് അഡെബയോറുമായി സിറ്റി കരാറിലെത്തിയിരിക്കുന്നത്.

2006ലാണ് എ എസ് മൊണോക്കോയില്‍ നിന്ന് അഡെബയോര്‍ ആര്‍സണലില്‍ എത്തിയത്. 2007-08 സീസണില്‍ 48 കളികളില്‍ 30 ഗോളുകളുമായി അഡെബയോര്‍ തിളങ്ങിയിരുന്നു. പരുക്കും ഫോമില്ലായ്മയും മൂലം കഴിഞ്ഞ സീസണില്‍ ഏറെയും സൈഡ് ബെഞ്ചിലിരിക്കേണ്ടി വന്ന അഡെബയോറിന് 16 ഗോളുകളേ നേടാനായുള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :