വിദേശ കോച്ചുകള്‍ വാഴുന്നില്ല; നോബ്സും പുറത്തേക്ക്

ഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 10 ജൂലൈ 2013 (16:45 IST)
PRO
ഇന്ത്യന്‍ ഹോക്കി ടീം കോച്ച് മൈക്കിള്‍ നോബ്സിനെയും പുറത്താക്കിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായുള്ള ടീമിന്റെ മോശം പ്രകടനമാണ് നോബ്സിന്റെ കസേര തെറിപ്പിച്ചത്. ഒളിമ്പിക്സില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ പിന്നോക്കമായിരുന്നു. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഒഴിവാക്കപ്പെടുന്ന നാലാമത്തെ വിദേശ കോച്ചാണ് നോബ്സ്.

നോബ്സിന്റെ കരാര്‍ റദ്ദ് ചെയ്തെന്നും ഒരുമാസത്തെ നോട്ടീസ് പിരീഡിലാണ് ജോലി ചെയ്യുന്നതെന്നും ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ നരീന്ദര്‍ ബത്ര പറഞ്ഞു. ടീമിന്റെ ഹൈപെര്‍ഫോമന്‍സ് മാനേജരായ റോളന്റ് ഓള്‍ട്ടാമന്‍സിനായിരിക്കും പുതിയ കോച്ചിനെ നിയമിക്കുന്നതുവരെ ടീമിന്റെ ചുമതല. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ പുതിയ കോച്ചിനെ കണ്ടെത്താനാകുമെന്നാണ് ഹോക്കി ഇന്ത്യയുടെ കണക്കുകൂട്ടല്‍.

2011 ലാണ് ഓസ്ട്രേലിയക്കാരനായ നോബ്സ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അഞ്ചുവര്‍ഷത്തെ കരാറായിരുന്നു നോബ്സിന് ഹോക്കി ഇന്ത്യയുമായി ഉണ്ടായിരുന്നത്. റിക്ക് ചാള്‍സ് വര്‍ത്ത്(ഓസ്ട്രേലിയ),ജോസ് ബര്‍സ(സ്പെയിന്‍), ജെര്‍ഹാര്‍ഡ് റാക്ക്(ജര്‍മ്മന്‍) എന്നിവരാണ് ഇതിനുമുന്‍പ് കരാര്‍ തീരുന്നതിനുമുന്‍പ് ഇന്ത്യന്‍ ഹോക്കി ടീമില്‍ നിന്നും പോയ വിദേശികള്‍.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :