റിക്വല്‍മി അടഞ്ഞ അദ്ധ്യായം: മറഡോണ

ബ്യൂണസ് എയേര്‍സ്| WEBDUNIA| Last Modified ബുധന്‍, 10 ഫെബ്രുവരി 2010 (11:18 IST)
PRO
പ്ലേ മേക്കര്‍ ജുവാന്‍ റിക്വല്‍മിയെ ദേശീയ ഫുട്ബോള്‍ ടീമിലേക്ക് തിരികെ വിളിക്കുന്ന കാര്യം അടഞ്ഞ അദ്ധ്യായമാണെന്ന് കോച്ച് ഡീഗോ മറഡോണ. റിക്വല്‍‌മിയെ ടീമിലേക്ക് തിരികെ വിളിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഏതാനും നാളായി അര്‍ജന്‍റീനിയന്‍ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാ‍ര്യത്തില്‍ താന്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മറഡോണ ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ താന്‍ റിക്വല്‍‌മിയെ തിരികെ വിളിച്ചതാണെന്നും എന്നാല്‍ അദ്ദേഹം വരാന്‍ തയ്യാറായില്ലെന്നും മറഡോണ പറഞ്ഞു. റിക്വല്‍‌മിയുടെ കേളീശൈലി താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ആഭ്യന്തര ടീമായ ബൊക്കാ ജൂനിയേഴ്സിന് വേണ്ടി മികച്ച ഫോമില്‍ റിക്വല്‍മി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ക്കാണ് ഇപ്പോള്‍ റിക്വല്‍‌മിയെ ആവശ്യമെന്നും മറഡോണ കൂട്ടിച്ചേര്‍ത്തു.

ടീ‍മിന്‍റെ പരിശീലകനായ മറഡോണയോടുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഏതാണ്ട് ഒരു വര്‍ഷത്തിന് മുന്‍‌പ് റിക്വല്‍‌മി അര്‍ജന്‍റീനിയന്‍ ദേശീയ ടീമില്‍ നിന്ന് പുറത്തുപോയത്. ഇനി ദേശീയ ടീമിന്‍റെ പടി ചവിട്ടില്ലെന്ന പ്രഖ്യാപനത്തോടെ റിക്വല്‍‌മി സ്വയം പുറത്തുപോകാന്‍ തീരുമാനിക്കുകയായിരുന്നു. റിക്വല്‍‌മിക്ക് പകരം വെയ്ക്കാന്‍ ഉതകുന്ന പ്രതിഭാധനനായ കളിക്കാരനെ കണ്ടെത്താന്‍ അര്‍ജന്‍റീനയ്ക്കോ മറഡോണയ്ക്കോ ഇനിയും ആയിട്ടില്ല.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്‍റീനയുടെ കളിയില്‍ റിക്വല്‍‌മിയുടെ അഭാവം മുഴച്ചുനിന്നിരുന്നു. ഇതേ തുടര്‍ന്നാണ് ലോകകപ്പിന് മുമ്പ് റിക്വല്‍‌മിയെ ടീമില്‍ തിരികെയെടുക്കണമെന്ന് ആവശ്യമുയര്‍ന്നത്. ഇക്കാര്യത്തില്‍ അര്‍ജന്‍റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍ മറഡോണയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :