മൂന്ന് മാസത്തില്‍ എയര്‍ ഇന്ത്യ ലാഭിച്ചത് 600 കോടി

മുംബൈ| WEBDUNIA|
PRO
നഷ്ടത്തിന്‍റെയും സാമ്പത്തിക പ്രതിസന്ധിയുടെയും വാര്‍ത്തകള്‍ എയര്‍ ഇന്ത്യ പഴങ്കഥയാക്കുന്നു. കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ എയര്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് 600 കോടിയുടെ ലാഭമാണ്.

എയര്‍ക്രാഫ്റ്റ് മെറ്റീരിയലുകളുടെ ചെലവു കുറച്ചും ഇന്ധനവിനിയോഗത്തില്‍ നിയന്ത്രണം വരുത്തിയുമാണ് കമ്പനി മുഖ്യമായും ലാഭമുണ്ടാക്കിയത്. വിമാനത്താ‍വള നടത്തിപ്പിനായുള്ള കരാര്‍ തുക പുനര്‍‌നിശ്ചയിച്ചതിലൂടെ ഇരുന്നൂറ് കോടിയാണ് ലാഭമുണ്ടായത്. എയര്‍ക്രാഫ്റ്റ് മെറ്റീ‍രിയലുകളുടെ ചെലവുകുറച്ചതിലൂടെയും ഇരുന്നൂറ് കോടി ലാഭമുണ്ടായി.
അഡ്മിനിസ്ട്രേറ്റീവ് തലത്തിലെയും വാടകയിനങ്ങളിലെയും ചെലവു വെട്ടിക്കുറച്ച് 100 കോടി രൂപ ലാഭമുണ്ടാക്കിയപ്പോള്‍ പുതിയ ഇന്ധനക്ഷമതാ എയര്‍ ക്രാഫ്റ്റുകള്‍ ഉപയോഗിച്ചതുവഴിയും 100 കോടി രൂപ ലാഭമുണ്ടായി.

അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഇത്തരത്തില്‍ 500 കോടി രൂപ കൂടി ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വര്‍ഷികാടിസ്ഥാനത്തില്‍ ഏകദേശം 1,400 കോടിയോളം രൂപ ഇത്തരത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നും കമ്പനി അധികൃതര്‍ കണക്കുകൂട്ടുന്നു.

ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തതിനാല്‍ പൈലറ്റുമാര്‍ സ്ഥിരമായി പണിമുടക്കിയതും വ്യോമയാന യാത്രാമേഖലയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുമാണ് എയര്‍ ഇന്ത്യയുടെയും അസ്ഥിവാരം തോണ്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,450 കോടി രൂപയുടെ നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. 31,000 ജീവനക്കാരാണ് എയര്‍ഇന്ത്യയിലുള്ളത്. സാമ്പത്തീ‍ക ലാഭമുണ്ടാ‍ക്കാനായി ജീവനക്കാര്‍ക്ക് അവധി നല്‍കേണ്ട ഗതികേടില്‍ പോലും എയര്‍ ഇന്ത്യ എത്തിയിരുന്നു.

ജീവനക്കാരുടെ ശമ്പളം പതിനഞ്ച് ശതമാനം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശം എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഈ മാസം ഒമ്പതിന് ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിക്കുന്നുണ്ട്. ഇത് പ്രാബല്യത്തിലായാല്‍ നടപ്പുസാമ്പത്തിക വര്‍ഷം തന്നെ നല്ല ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കമ്പനി അധികൃതരുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :