ഹോക്കി കളിക്കാര്‍ തിരികെ ക്യാമ്പിലെത്തി

പൂനെ| WEBDUNIA| Last Modified വ്യാഴം, 14 ജനുവരി 2010 (11:15 IST)
PRO
പ്രതിഫലതര്‍ക്കത്തെ തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനുമൊടുവില്‍ ഹോക്കി താരങ്ങള്‍ തിരികെ പരിശീലന ക്യാമ്പിലെത്തി. പൂനെയിലെ ബലേവാഡി സ്പോര്‍ട്സ് കോം‌പ്ലെക്സില്‍ നടക്കുന്ന ലോകകപ്പ് പരിശീ‍ലന ക്യാമ്പില്‍ ഇരുപത്തിരണ്ട് കളിക്കാരും ഇന്ന് പരിശീ‍ലനത്തിനിറങ്ങി.

പ്രതിഫലതര്‍ക്കവും ബഹിഷ്കരണവും മൂലം ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കാര്‍ ഇന്നു പുലര്‍ച്ചെ പരിശീ‍ലനം പുനരാരംഭിച്ചത്. സപ്പോര്‍ട്ട് സ്റ്റാഫും രാവിലെ തന്നെ ഗ്രൌണ്ടിലെത്തിയിരുന്നു.

കളിക്കാരുടെ പ്രതിഫല കുടിശ്ശിക പൂര്‍ണമായും നല്‍കാന്‍ ഹോക്കി ഇന്ത്യ സമ്മതിച്ചതോടെയാണ് ഇന്നലെ പ്രശ്നം അവസാനിച്ചത്. കളിക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഹോക്കി ഇന്ത്യ അറിയിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ പ്രതിഫല കുടിശ്ശികയുടെ പേരിലാണ് ഹോക്കി താരങ്ങള്‍ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കി ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പ് ബഹിഷ്കരിച്ചത്. കളിക്കാര്‍ ക്യാമ്പിലെത്തിയില്ലെങ്കില്‍ വിലക്കുമെന്ന് ഫെഡറേഷന്‍ ഭീഷണി മുഴക്കിയെങ്കിലും വഴങ്ങാന്‍ കളിക്കാര്‍ തയ്യാറായിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :