ജസ്റ്റിന്‍ ഹെനിന്‍റെ വിജയ വരവ്

ബ്രിസ്ബെയ്ന്‍| WEBDUNIA| Last Modified തിങ്കള്‍, 4 ജനുവരി 2010 (14:42 IST)
PRO
പ്രൊഫഷണല്‍ ടെന്നീസിലേക്ക് തിരിച്ചെത്തിയ ബെല്‍ജിയം താരം ജസ്റ്റിന്‍ ഹെനിന് വിജയത്തോടെ തിരിച്ചുവരവ്. ബ്രിസ്ബെയ്ന്‍ അന്താരാഷ്ട്ര ടെന്നീസിലെ ആദ്യ മത്സരത്തിലാണ് ഹെനിന്‍ വീണ്ടും വിജയമധുരം നുണഞ്ഞത്.

റഷ്യയുടെ നദിയ പെട്രോവയെ ആണ് ഹെനിന്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 7-5,7-5. 2008 ല്‍ പ്രൊഫഷണല്‍ ടെന്നീസിനോട് വിടപറഞ്ഞ ഹെനിന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ഇതിനു ശേഷമുള്ള ഹെനിന്‍റെ ആദ്യ മത്സരമായിരുന്നു ഇത്.

ഏഴ് ഗ്രാന്‍സ് സ്ലാമുകള്‍ ഹെനിന്‍ നേടിയിട്ടുണ്ട്. നാല് തവണ ഫ്രഞ്ച് ഓപ്പണും രണ്ട് തവണ യു‌എസ് ഓപ്പണും ഒരു തവണ ആസ്ട്രേലിയന്‍ ഓപ്പണും ഹെനിന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിംബിള്‍ഡണില്‍ മാത്രമാണ് ഹെനിന് നിരാശപ്പെടേണ്ടിവന്നത്. 1999 ല്‍ പ്രൊഫഷണല്‍ ടെന്നീസില്‍ അരങ്ങേറിയ ഹെനിന്‍ 41 കിരീടങ്ങളാണ് കരിയറില്‍ സ്വന്തമാക്കിയത്.

മറ്റൊരു മത്സരത്തില്‍ സെര്‍ബിയന്‍ താരം അന ഇവാനോവിച്ചും രണ്ടാം റൌണ്ടിലെത്തി. ഓസ്ട്രേലിയന്‍ താരം യെലേന ജോക്കിക്കിനെ കടുത്ത പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് ഇവാനോവിച്ച് രണ്ടാം റൌണ്ടിലെത്തിയത്.

സ്കോര്‍ ( 7-5, 1-6, 6-3)‌. മത്സരഫലം നിര്‍ണ്ണയിച്ച സെറ്റിലെ അവസാന മൂന്ന് ഗെയിമുകളും നേടിക്കൊണ്ടാ‍ണ് ഇവാനോവിച്ച് രണ്ടാം റൌണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. പരുക്കിനെ തുടര്‍ന്ന് ഏറെ നാളായി ഫോം നഷ്ടപ്പെട്ട് കഴിയുന്ന ഇവാനോവിച്ചിന്‍റെ തിരിച്ചുവരവിനായിരുന്നു കോര്‍ട്ട് സാക്‍ഷ്യം വഹിച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ ടോക്കിയോയില്‍ ആദ്യ റൌണ്ടില്‍ പുറത്തായ ശേഷം ഇവാനോവിച്ച് ഒരു ടൂര്‍ണ്ണമെന്‍റില്‍ റാക്കറ്റേന്തുന്നത്. 2009 ല്‍ ഒരു ടൂര്‍ണ്ണമെന്‍റില്‍ പോലും കിരീടം നേടാന്‍ ഇവാനോവിച്ചിനായിരുന്നില്ല. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഇവാനോസിച്ച് റാങ്കിംഗില്‍ ഇരുപത്തിയൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. സ്വിസ് താരം ടിമിയ ബാക്സിന്‍സ്കിയെ ആണ് രണ്ടാം റൌണ്ടില്‍ അന ഇവാനോവിച്ച് നേരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :