ഇന്ത്യന്‍ ടെന്നീസിലെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനമാകുന്നു. മുതിര്‍ന്ന താരം ലിയാണ്ടര്‍ പേസ് ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിക്കുമെന്ന് അറിയിച്ചതോടെയാണിത്. ജൂനിയര്‍ താരം വിഷ്ണു വര്‍ധനൊപ്പം മെന്‍സ് ഡബിളിസില്‍ കളിക്കാന്‍ പേസ് ഒടുവില്‍ വഴങ്ങുകയായിരുന്നു.
തന്നെക്കാള്‍ ഏറെ താഴ്ന്ന റാങ്കിലുള്ള വിഷ്ണുവര്‍ധനൊപ്പം കളിക്കാന്‍ പേസ് മനസ്സില്ലാ മനസോടെയാണ് സമ്മതം മൂളിയത്. എങ്കിലും വിഷ്ണുവര്‍ധന് വേണ്ട പിന്തുണ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
“ലണ്ടന്‍ ഒളിമ്പിക്സില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഓള്‍ ഇന്ത്യാ ടെന്നീസ് അസോസിയേഷന്‍ സെലക്ട് ചെയ്ത ടീമായി തന്നെ മത്സരിക്കും- പേസ് വ്യക്തമാക്കി. കളികള്‍ക്കിടയിലെ കളികളില്‍ താന്‍ നിരാശനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 39-കാരനായ പേസിന്റെ ആറാം ഒളിമ്പിക്സ് ആണ് ഇത്.
മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പേസിനൊപ്പം കളിക്കാന്‍ വിസമ്മതം അറിയിച്ചതോടെയാണ് ഇന്ത്യന്‍ ടെന്നീസില്‍ പൊട്ടിത്തെറി ഉണ്ടായത്. തുടര്‍ന്ന് ഒളിമ്പിക്‌സിന് രണ്ട് ടെന്നീസ് ടീമുകളെ അയയ്‌ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഭൂപതിയും ബൊപ്പണ്ണയും ഉള്‍പ്പെടുന്ന ടീമാണ് രണ്ടാമത്തേത്. മിക്സഡ് ഡബിള്‍സില്‍ പേസും സാനിയാ മിര്‍സയും മത്സരിക്കും.