റാഞ്ചി|
WEBDUNIA|
Last Modified ശനി, 12 ഫെബ്രുവരി 2011 (09:02 IST)
PRO
PRO
ദേശീയ കായികപ്പോരിന് ശനിയാഴ്ച തുടക്കമാവും. 34-ാമത് ദേശീയ ഗെയിംസ് അവിസ്മരണീയമാക്കാന്‍ ജാര്‍ഖണ്ഡ് ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.
ജാര്‍ഖണ്ഡ് ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖാണ് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യുക. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട, കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കല്‍മാഡി എന്നിവരടക്കമുള്ള പ്രമുഖരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
ജാര്‍ഖണ്ഡിലെ കായികതാരങ്ങളെ ആധാരമാക്കിയുള്ള ലേസര്‍ ഷോ ഉദ്ഘാടനച്ചടങ്ങില്‍ ഉണ്ടാകും. സൈന്യത്തിന്റെ ഹെലികോപ്റ്ററുകള്‍ നടത്തുന്ന പുഷ്പ വൃഷ്ടിയും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് മാറ്റു കൂട്ടും. ജാര്‍ഖണ്ഡിന്റെ തനത് ആദിവാസിനൃത്തം മുതല്‍ ബ്രേക്ക്ഡാന്‍സ് വരെ ചടങ്ങിനെ മനോഹരമാക്കും. ബോളിവുഡ് സുന്ദരിമാരായ അമിഷ പട്ടേല്‍, സമീറ റെഡ്ഡി തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിലും തുടര്‍ന്നുനടക്കുന്ന കലാപരിപാടികളിലും പങ്കെടുക്കും. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവായ അമ്പെയ്ത്ത് താരം ദീപിക കുമാരിയാണ് ഗെയിംസിന്റെ ദീപം തെളിക്കുകയെന്നാണ് അറിയുന്നത്.
മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫായിരിക്കും മാര്‍ച്ച്‌പാസ്റ്റില്‍ കേരളത്തിന്റെ പതാകയേന്തുക. കേരളത്തില്‍ നിന്നുള്ള മൊത്തം 288 മത്സരാര്‍ഥികളില്‍ 150 പേരെങ്കിലും മാര്‍ച്ച്‌പാസ്റ്റില്‍ അണിനിരക്കും.
കേരളത്തിന്റെ ആദ്യയിനം ശനിയാഴ്ച ധന്‍ബാദിലെ തുഴച്ചില്‍ മത്സരമാണ്. ശനിയാഴ്ച വോളിയും തുടങ്ങും. നീന്തല്‍, തയ്ക്വാന്‍ഡോ, കരാട്ടെ, ലോണ്‍ബോള്‍ എന്നീയിനങ്ങളിലും ഞായറാഴ്ച കേരളത്തിന് മത്സരമുണ്ട്. അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ 16-നാണ് ആരംഭിക്കുക.
അര്‍ധസൈനികരുടെ കനത്ത സുരക്ഷാവലയത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങും ഗെയിംസും നടക്കുക. ദേശീയ ഗെയിംസ് നടത്താന്‍ 2002 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ജാര്‍ഖണ്ഡ് അതിന് സജ്ജമായത് ഇപ്പോഴാണ്.