ഡൗ കെമിക്കല്‍സിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഒഴിവാക്കിയില്ലെങ്കില്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ തന്നെ ഈ കമ്പനിയുടെ സഹായം സ്വീകരിച്ചുവെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. അതിനാല്‍ ലണ്ടന്‍ ഒളിമ്പിക്സിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ നിലപാട് നാടകമാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഡൗ കെമിക്കല്‍സുമായി കോടിക്കണക്കിന് രൂപയുടെ കരാറിലേര്‍പ്പെട്ടിരുന്നവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗെയിംസ് വില്ലേജ് നിര്‍മിച്ചപ്പോള്‍ ഇന്‍സുലേഷന്‍ മെറ്റീരിയല്‍ വാങ്ങിയത് ഡൗ കെമിക്കല്‍സില്‍ നിന്നായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.
ലണ്ടന്‍ ഒളിമ്പിക്‌സ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആദ്യം പുറത്തുകൊണ്ടുവന്നത്. ഇക്കാര്യം ലണ്ടന്‍ അധികാരികള്‍ ഇന്ത്യന്‍ ഹൈക്കമ്മിഷനെ ധരിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഡൌ കെമിക്കല്‍സുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ ഹൈക്കമ്മിഷന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കായിക മന്ത്രാലയം ഐ ഒ എക്ക് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.