സെറീന പുറത്ത്, അട്ടിമറിയില്‍ ഞെട്ടി ലോകം

ന്യൂയോർക്ക്| VISHNU N L| Last Updated: ശനി, 12 സെപ്‌റ്റംബര്‍ 2015 (09:26 IST)
കലണ്ടർ ഗ്രാന്‍സ്ലാമെന്ന മോഹവുമായി എത്തിയ ടെന്നീസ് രാജ്ഞി സെറീന വില്യംസിന് അവസാനം കാലിടറി. യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് സെമിയിൽ ഇറ്റാലിയൻ താരം റോബർട്ട വിൻസിയോടു തോറ്റ് സെറീന പുറത്തായി. അവിശ്വസനീയമായ അട്ടിമറിയാണ് യു‌എസ് ഓപ്പണ്‍ സെറീനയുടെ പരാജയത്തിലൂടെ കണ്ടത്.


ആദ്യ സെറ്റ് അനായാസം നേടിയ സെറീന പിന്നീട് രണ്ടു സെറ്റും അവിശ്വസനീയമായി കൈവിട്ടു. സ്കോര്‍ (2–6,6–4,6–4). ജര്‍മനിയുടെ സ്റ്റെഫി ഗ്രാഫ്‌ 1988 ല്‍ നേടിയ കലണ്ടര്‍ ഗ്രാന്‍സ്ലാമിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന ബഹുമതി നേടുകയായിരുന്നു സെറീനയുടെ ലക്ഷ്യം. ക്വാര്‍ട്ടറില്‍ സ്വന്തം സഹോദരി വീനസിനെ തോല്‍പ്പിച്ചാണ് സെറിന സെമിയില്‍ എത്തിയത്.

ലോക ഒന്നാം റാങ്കുകാരിയായ​ നിലവിലെ ചാന്പ്യനും​ ഈ വർഷത്തെ മൂന്ന് ഗ്രാന്സ്ളാമുകളും സ്വന്തമാക്കിയ സെറീനയ്ക്ക് കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ചയുണ്ടായത്. ലോക ഒന്നും രണ്ടും റാങ്കുകാർ പിൻനിര താരങ്ങളോട് തോൽക്കുന്നതാണ് സെമിയിൽ കാണാനായത്.

വെള്ളിയാഴ്ച നടന്ന ആദ്യ സെമിയിൽ ലോക രണ്ടാം നന്പർ താരം സിമോണ ഹാലെപ്പ് 26ാം സീഡ് ഇറ്റാലിയൻ താരം ഫ്ലാവിയ പെന്നേറ്റയോട് തോൽക്കുകയുണ്ടായി. ശനിയാഴ്ച നടക്കുന്ന കലാശപ്പോരാട്ടം ഇറ്റാലിയൻ താരങ്ങൾ തമ്മിലാണെന്നതാണ് മറ്റൊരു പ്രത്യേകത. വിൻസിയുടെയും പെന്നേറ്റയുടേയും ആദ്യ ഗ്രാന്റ്‌സ്ളാം ഫൈനലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :