ടൊറന്റോ|
jibin|
Last Updated:
ഞായര്‍, 16 ഓഗസ്റ്റ് 2015 (11:39 IST)
ലോക ഒന്നാം നമ്പര്‍ യുഎസിന്റെ സെറീന വില്യംസിനു അടിതെറ്റി. വനിതാ ടെന്നീസിലെ പുത്തന്‍ താരോദയം സ്വിറ്റ്സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സികിന്റെ മുന്നിലാണ് സെറീന വില്യംസിനു അടിതെറ്റിയത്. ടൊറന്റോ ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സ് സെമിയില്‍ 3-6, 7-5, 6-4 എന്ന സ്കോറിനാണു അമേരിക്കന്‍ താരം തരിപ്പണമായത്.
വനിതാ ടെന്നീസിലെ പുത്തന്‍ താരോദയവും കരുത്തിന്റെ പര്യായമായ സെറീന വില്യംസും തമ്മില്‍ ശക്തമായ പോരാട്ടമായിരുന്നു. ആദ്യ സെറ്റ് സെറീന സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകള്‍ ബെലിന്‍ഡ സ്വന്തമാക്കുകയായിരുന്നു. റൊമാനിയയുടെ സിമോണ ഹാലെപെയാണ് ഫൈനയില്‍ ബെലിന്‍ഡയുടെ എതിരാളി. സെമിയില്‍ സാറാ ഇറാനിയെ പരാജയപ്പെടുത്തിയാണു ഹാലെപ് കലാശപ്പോരിനു അര്‍ഹയായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപിന്റെ വിജയം. സ്കോര്‍: 6-4, 6-4.
കരിയറില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള സെറീനയുടെ ഈ വര്‍ഷത്തെ രണ്ടാം തോല്‍വിയാണിത്. ക്വാര്‍ട്ടറില്‍ അന ഇവാനോവിച്ചിനെ തകര്‍ത്താണു ബെലിന്‍ഡ സെമിയിലെത്തിയത്. വിംബിള്‍ഡണിനു മുന്നോടിയായി നടന്ന ഈസ്റ് ബോണ്‍ ഡബ്ള്യുടിഎ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കിയാണു ബെലിന്‍ഡ സീനിയര്‍ തലത്തില്‍ ആദ്യനേട്ടം സ്വന്തമാക്കിയത്.