കാളപ്പോര്: ഇതാ അനുകൂലവും പ്രതികൂലവുമായ ചില വാദമുഖങ്ങള്‍

സ്പെയിനിലെ ദേശീയ വിനോദമാണ് കാളപ്പോര് അഥവാ കോറിദ

spain, bullfighting സ്പെയിന്‍, കാളപ്പോര്
സ്പെയിന്‍| സജിത്ത്| Last Modified ചൊവ്വ, 12 ജൂലൈ 2016 (16:07 IST)
സ്പെയിനിലെ ദേശീയ വിനോദമാണ് കാളപ്പോര് അഥവാ കോറിദ. ടോറോമാക്കി എന്നും കാളപ്പോര് അറിയപ്പെടുന്നു. എല്ലാ വര്‍ഷവും മാർച്ച് മുതൽ ഒക്ടോബർ വരെയാണ് സ്പെയിനില്‍ കാളപ്പോര് നടക്കറുള്ളത്. ഇന്ന് ഓരോ വർഷവും മൂന്നുകോടി ആസ്വാദകർക്കു മുൻപിൽ 24,000ല്‍ പരം കാളകളാണ് കാളപ്പോരിനിടെ ചത്തുവീഴുന്നത്.

മരണവുമായുള്ള ഒരു നൃത്തമാണ് കാളപ്പോര്. ആസ്വാദകലക്ഷങ്ങൾക്കു മുൻപിൽ തന്റെ പ്രാഗല്ഭ്യവും തന്ത്രവും കഴിവും കാട്ടി കയ്യടി നേടുന്ന ആയോധന കലാകാരനാണ് പോരാളി. മത്സരത്തിനൊടുവിൽ കാള ചത്തുവീഴുന്ന കലയാണ് ഇത്. പോരാളിക്ക് പരമ്പരാഗത സമ്മാനമായി കാളയുടെ കാതും വാലും സംഘാടകർ അറുത്ത് നൽകുകയും ചെയ്യും.

2012 ജനുവരി ഒന്നോടെ കാളപ്പോരിന്റെ നാടെന്ന വിശേഷണം സ്‌പെയിനിലെ കാറ്റലോണിയയ്ക്ക് നഷ്ടമായിരുന്നു. ഇവിടത്തെ പ്രാദേശിക സര്‍ക്കാറാണ് കാളപ്പോരിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌പെയിന്റെ ദേശീയ വിനോദമായ കാളയോട്ടവും കാളപ്പോരും നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അര്‍ദ്ധ നഗ്നരായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മൃഗസ്‌നേഹികളാണ് വ്യത്യസ്തമായ പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. തലയില്‍ കാളക്കൊമ്പ് ധരിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ചോരയോട് സമാനമായ ദ്രാവകം തലയില്‍ ഒഴിച്ചായിരുന്നു എഴുപത്തഞ്ചോളം വരുന്ന മൃഗസ്‌നേഹികളുടെ പ്രതിഷേധം.

അതേസമയം കഴിഞ്ഞ ദിവസമാണ് സ്പെയിനിലെ കാളപ്പോര് വിദഗ്ദ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് (29) അന്തരിച്ചത്. സ്‌പെയിനിലെ ടെറുലില്‍ വെള്ളിയാഴ്ച നടന്ന കാളപ്പോരിനിടെയായിരുന്നു ഈ ദുരന്തം നടന്നത്. മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം ഉണ്ടായിരുന്നതിനാല്‍ ലക്ഷക്കണക്കിന് ആളുകളായിരുന്നു ഈ ദാരുണ അന്ത്യത്തിന് സാക്ഷികളായത്. പോരിനിടെ വിക്ടര്‍ ചുവന്ന തുണി വീശിക്കാണിച്ചതോടെ ക്രുദ്ധനായ കാള വിക്ടറിനെ കുത്തിമറിക്കുകയായിരുന്നു. വിക്ടറിനെ കാള കൊമ്പില്‍ കോര്‍ത്ത് എറിയുകയും നിരവധി തവണ നെഞ്ചില്‍ കുത്തുകയും ചെയ്തു.

ഈ നൂറ്റാണ്ടില്‍ സ്‌പെയിനില്‍ കാളപ്പോരില്‍ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ വ്യക്തിയാണ് വിക്ടര്‍. കാളപ്പോരിന്റെ നാട് എന്നറിയപ്പെടുന്ന സ്‌പെയിനില്‍ കാളകളുടെ ആക്രമണത്തിലുള്ള മരണം സാധാരണ സംഭവമാണ്. വര്‍ഷം തോറും സ്‌പെയിനില്‍ രണ്ടായിരത്തോളം കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

കാളയെ കുന്തം കൊണ്ട് കുത്തി ചോരയിറ്റിച്ച് കൊല്ലുന്നത് കണ്ട് രസിക്കാൻ കാടന്മാർക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ഈ പ്രാകൃത വിനോദം അവസാനിപ്പിക്കണമെന്നും അഖിലലോക ജന്തുസ്നേഹികൾ വാദിക്കുമ്പോൾ സ്പാനിഷ് സ്വത്വത്തേയും ചരിത്രത്തേയും അവഗണിക്കാനാവില്ലെന്ന നിലപാടിലാണ് പോർസ്നേഹികൾ. അവസാനദിവസം കുത്തുകൊണ്ട് ചാകാൻ വിധിയുണ്ടെങ്കിലും അതുവരെയും രാജാക്കന്മാരേക്കാളും പ്രതാപത്തോടെയാണ് പോരുകാളകൾ കഴിയുന്നതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :