ബംഗലൂരു|
jibin|
Last Updated:
ബുധന്‍, 23 മാര്‍ച്ച് 2016 (15:06 IST)
ഊരാക്കുടുക്കിലാണ് ടീം ഇന്ത്യ, ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോട് അപ്രതിക്ഷിതമായി തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യക്ക് തുടര്‍ന്നുള്ള മത്സരങ്ങള്‍ ജയിച്ചെങ്കിലെ രക്ഷയുള്ളു. കിവികളോട് പാകിസ്ഥാന്‍ തോറ്റതോടെ ഇന്ത്യക്ക് പുതുജീവന്‍ വച്ചിരിക്കുകയാണ്. ഇന്ന് ബംഗ്ലാദേശിനെതിരെ വന്‍ മാര്‍ജിനില്‍ ജയിക്കുകയും തുടര്‍ന്നുള്ള മത്സരത്തില്‍ കരുത്തരായ
ഓസ്‌ട്രേലിയയെ തറപ്പറ്റിക്കുകയും ചെയ്‌താല്‍ ന്യൂസിലന്‍ഡിനൊപ്പം ഇന്ത്യക്കും സെമിയിലെത്താം. അതായത് ഈ രണ്ടു മത്സരങ്ങളില്‍ എവിടെയെങ്കിലും ഒന്നു പതറിയാല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കാറ്റില്‍ പറക്കുമെന്ന് വ്യക്തം.
പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ നാലാം സ്ഥാനത്താണ്. രണ്ട് മൂന്ന് നാല് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ട് പോയിന്റ് വീതമാണുള്ളത്. ഇവരെ വേര്‍തിരിക്കുന്നത് റണ്‍നിരക്കാണ്. ഈ കാര്യത്തില്‍ ഇന്ത്യ പിന്നിലായതാണ് മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും വിനയായത്. ബംഗ്ലാദേശിനെതിരെ മികച്ച റണ്‍ റേറ്റില്‍ ജയിച്ചാല്‍ ഈ കാര്യത്തില്‍ ഇന്ത്യക്ക് മുന്നിലെത്താന്‍ കഴിയും. രണ്ട് മത്സരങ്ങളിലും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങി നില്‍ക്കുന്ന കടുവകളെ തോല്‍പ്പിക്കുക പ്രയാസമാണെന്ന് ധോണിക്ക് വ്യക്തമായി അറിയാം. ഇതിനാല്‍ മുന്‍ നിര താരങ്ങള്‍ ഉണര്‍ന്നു കളിച്ചാല്‍ മാത്രമെ ഇന്ന് രക്ഷയുള്ളൂ.
ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നാലാം നമ്പറിലിറങ്ങുന്ന സുരേഷ് റെയ്‌നയുടെയും പ്രകടനമാണ് ധോണിയെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ശരാശരിക്കും താഴെയാണ് ധവാന്റെയും റെയ്നയുടെയും പ്രകടനം. അവസാനം കളിച്ച 12 മത്സരങ്ങളിലെ ഒമ്പത് ഇന്നിംഗ്‌സില്‍ 180 റണ്‍സ് മാത്രമാണ് റെയ്‌നയുടെ സമ്പാദ്യം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും പാകിസ്ഥാനെതിരായ മത്സരത്തിലും റെയ്‌ന പരാജയമായിരുന്നു. മികച്ച തുടക്കം നല്‍കാനോ ക്രീസില്‍ പിടിച്ചു നില്‍ക്കാനോ കഴിയാത്തതാണ് ധവാനെ വലയ്‌ക്കുന്ന പ്രശ്‌നം. 6,1 എന്നിങ്ങനെയാണ് ലോകപ്പിലെ രണ്ട് മത്സരത്തിലെയും അദ്ദേഹത്തിന്റെ പ്രകടനം. പേസ് ബോളിംഗിനെ ഭയത്തോടെ നേരിടുന്നതും ഷോട്ട് സെലക്ഷനിലെ പരാജയവുമാണ് ഇന്ത്യന്‍ ഓപ്പണറെ വലയ്‌ക്കുന്ന പ്രശ്‌നം.
ധവാനും റെയ്‌നയും തിളങ്ങാത്തത് വിരാട് കോഹ്‌ലിക്ക് മേല്‍ ഭാരം വര്‍ദ്ധിപ്പിക്കുമെന്നും ഫിനിഷറുടെ റോളില്‍ എത്തുന്ന ധോണിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കോഹ്‌ലി പരാജയപ്പെട്ടാല്‍ യുവരാജിലേക്കും ധോണിയിലേക്കും പ്രതീക്ഷ കൂടുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരുവരും അടിമപ്പെടാനും സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്‌ക്കും ആര്‍ അശ്വിനും കളി അനുകൂലമാക്കാനുള്ള കഴിവില്ലാത്തതും തിരിച്ചടിയാകും.