മുംബൈ|
jibin|
Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (17:45 IST)
പ്രതീക്ഷകളുടെ ഭാരം പേറിയാണ് ടീം ഇന്ത്യ ട്വന്റി-20 ലോകകപ്പില്‍ നീങ്ങുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. ന്യൂസിലന്‍ഡിനോട് ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായി തോല്‍വിയറഞ്ഞതാണ് ടീം ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിനെ വലയ്‌ക്കുന്നത്. ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ നിലനില്‍പ്പ്.
ന്യൂസിലന്‍ഡ് തന്നെയാകും ഗ്രൂപ്പില്‍ ഒന്നാമതാകുക. പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് അവര്‍ക്ക് ഇനി മത്സരമുള്ളത്. പാകിസ്ഥാനെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് കുറഞ്ഞതാണ് ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്. പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനോട് തോറ്റാല്‍ കണക്കുകള്‍ ഇന്ത്യക്ക് അനുകൂലമാകും. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ കണക്കിലെ കളികളും തുടര്‍ മത്സരങ്ങളിലെ ഫലവും ഇന്ത്യക്ക് നിര്‍ണായകമാകും.
ന്യൂസിലന്‍ഡ് ഇനിയുള്ള എല്ലാ മത്സരവും ജയിക്കുന്നതിനൊപ്പം ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച റണ്‍ റേറ്റില്‍ ജയിക്കുകയും ചെയ്‌താല്‍ സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. നിര്‍ണായകമായ മത്സരത്തില്‍
പാകിസ്ഥാനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയെങ്കിലും ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളോട് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ജയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റേയും നാലാം നമ്പറിലിറങ്ങുന്ന സുരേഷ് റെയ്‌നയുടെയും പ്രകടനമാണ് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ അലട്ടുന്ന പ്രശ്‌നം. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ശരാശരിക്കും താഴെയാണ് ധവാന്റെയും റെയ്നയുടെയും പ്രകടനം.
അവസാനം കളിച്ച 12 മത്സരങ്ങളിലെ ഒമ്പത് ഇന്നിംഗ്‌സില്‍ 180 റണ്‍സ് മാത്രമാണ് റെയ്‌നയുടെ സമ്പാദ്യം. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും പാകിസ്ഥാനെതിരായ മത്സരത്തിലും റെയ്‌ന പരാജയമായിരുന്നു. മികച്ച തുടക്കം നല്‍കാനോ ക്രീസില്‍ പിടിച്ചു നില്‍ക്കാനോ കഴിയാത്തതാണ് ധവാനെ വലയ്‌ക്കുന്ന പ്രശ്‌നം. 6,1 എന്നിങ്ങനെയാണ് ലോകപ്പിലെ രണ്ട് മത്സരത്തിലെയും അദ്ദേഹത്തിന്റെ പ്രകടനം. പേസ് ബോളിംഗിനെ ഭയത്തോടെ നേരിടുന്നതും ഷോട്ട് സെലക്ഷനിലെ പരാജയവുമാണ് ഇന്ത്യന്‍ ഓപ്പണറെ വലയ്‌ക്കുന്ന പ്രശ്‌നം.
ധവാനും റെയ്‌നയും തിളങ്ങാത്തത് വിരാട് കോഹ്‌ലിക്ക് മേല്‍ ഭാരം വര്‍ദ്ധിപ്പിക്കുമെന്നും ഫിനിഷറുടെ റോളില്‍ എത്തുന്ന ധോണിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കോഹ്‌ലി പരാജയപ്പെട്ടാല്‍ യുവരാജിലേക്കും ധോണിയിലേക്കും പ്രതീക്ഷ കൂടുകയും സമ്മര്‍ദ്ദങ്ങള്‍ക്ക് ഇരുവരും അടിമപ്പെടാനും സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്‌ക്കും ആര്‍ അശ്വിനും കളി അനുകൂലമാക്കാനുള്ള കഴിവില്ലാത്തതും തിരിച്ചടിയാകും.