ഇന്ത്യന്‍ ടെന്നിസ് റാണി സാനിയ മിര്‍സയ്ക്ക് പാകിസ്ഥാനില്‍ വലിയൊരു ആരാധികയുണ്ട്. അത് മറ്റാരുമല്ല പാകിസ്ഥാന്‍ വനിതാ ടെന്നിസിലെ ടോപ് സീഡ് ഉഷ്ന സുഹാലി തന്നെ! സാനിയയെ എതിരിടാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് സുഹാലി കരുതുന്നത്.
സാനിയ തന്നെക്കാളും മുതിര്‍ന്ന കളിക്കാരിയാണ്. ലോക റാങ്കിംഗില്‍ മുപ്പത് സ്ഥാനങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്ന അവരുമായി ഒരു മത്സരത്തില്‍ ഏറ്റുമുട്ടുക എന്നത് തനിക്കൊരു നേട്ടമാണ്. അത്തരമൊരു അവസരമുണ്ടായാല്‍ അത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കുമെന്നും വലിയൊരു അനുഭവമായിരിക്കും എന്നും സുഹാലി പറയുന്നു.
അന്താരാഷ്ട്ര താരങ്ങളുമായി ഏറ്റുമുട്ടുന്നത് സ്വന്തം ദൌര്‍ബല്യങ്ങളും ശക്തിയും തിരിച്ചറിയാന്‍ സഹായിക്കും. ഇത് സ്വന്തം നില മെച്ചപ്പെടുത്താന്‍ സഹായകമാവും. എന്നാല്‍, ഈ സ്വപ്നങ്ങളൊക്കെ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇന്തോ - പാക് ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ടെന്നിസ് ഉള്‍പ്പെടുത്താന്‍ പാകിസ്ഥാന്‍ ടെന്നിസ് ഫെഡറേഷന്‍ കനിയണമെന്നും സുഹാലി പറയുന്നു.
ഇന്ത്യന്‍ ടെന്നിസ് ഫെഡറേഷനെ കുറിച്ച് നല്ല അഭിപ്രായമാണ് സുഹാലിക്കുള്ളത്. ഇന്ത്യന്‍ ഫെഡറേഷന്‍ വിദേശ പരിശീലകരെ നിയോഗിക്കുന്നതും കളിക്കാര്‍ക്ക് നല്ല പ്രതിഫലം നല്‍കുന്നതുമാണ് സുഹാലിയെ ആകര്‍ഷിക്കുന്നത്.