ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി (71) മരണാസന്നനായെന്ന് അലിയുടെ കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം അലിയുടെ സഹോദരന് റഹ്മാന്അലി ഒരു ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പാര്ക്കിന്സണ് രോഗം ബാധിച്ച അലി അവശനാണെന്ന് അറിയിച്ചിരുന്നു.
അലി സംസാരിക്കാന്‍ കഴിയാത്തവിധം അവശനായതായും രോഗം തീവ്രമായതോടെ ആരെയും തിരിച്ചറിയാനാവാത്ത നിലയിലാണെന്നുമാണ് റഹ്മാന് അലി അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ മകള്‍ മെയ് അലി രംഗത്തുവന്നെങ്കിലും കുടുംബാംഗങ്ങളുടെ പുതിയ വെളിപ്പെടുത്തല്‍ അലിയുടെ ആരോഗ്യനില അപകടത്തിലാണെന്നു തന്നെയുള്ള സൂചനയാണ് നല്‍കിയത്.
1942 ജനവരി 17-ന് അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിലുള്ള ലൂയിസവില്ലയില് ജനിച്ച മുഹമ്മദ് അലി 1960-ല്‍ അമേരിക്കയ്ക്കുവേണ്ടി ഒളിമ്പിക്സില്‍ ബോക്സിംഗ് സ്വര്‍ണം നേടിയതോടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. തുടര്‍ന്ന് പ്രൊഫഷണല്‍ രംഗത്തേക്ക് തിരിഞ്ഞ അലി മൂന്നുതവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി.