ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം കായിക കിരീടമണിഞ്ഞു. പതിനാറാം തവണയാണ് തുടര്‍ച്ചയായി കേരളം ദേശീയ സ്കൂള്‍ കായിക കിരീട ജേതാക്കളാകുന്നത്. 293 പോയിന്റേടെയാണ് കേരളം കിരീടം നിലനിര്‍ത്തിയത്. 33 സ്വര്‍ണമെഡലുകള്‍ക്കു പുറമെ 26 വെള്ളിയും 17 വെങ്കലവുമാണ് കേരളത്തിന്റെ താരങ്ങള്‍ സ്വന്തമാക്കിയത്.
ലുധിയാനയിലെ നടന്ന മീറ്റില്‍ കേരളം നേടിയ 29 സ്വര്‍ണത്തെ മറികടന്നാണ് കേരളം പതിനാറാമതും കായിക കിരീടം നിലനിര്‍ത്തിയത്. കേരളത്തിന്റെ അഭിമാന താരം പി യു ചിത്ര ക്രോസ് കണ്ട്രിയില് നാലാം സ്വര്‍ണം നേടി. മേളയുടെ ആദ്യ ദിവസങ്ങളില്‍ 3000, 5000 മീറ്ററിലും 1500 മീറ്ററില്‍ ദേശീയ റെക്കോഡോടെയും ചിത്ര സ്വര്‍ണം നേടിയിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പി മുഹമ്മദ് അഫ്സല് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. വര്‍ഷങ്ങള്‍ പഴക്കമുള്ള ദേശീയ റെക്കോഡ് മറികടന്നാണ് അഫ്സല് രണ്ടാം സ്വര്‍ണം നേടിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ജെസി ജോസഫ് സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ താരം ഷര്‍ബാന സിദ്ദിഖിന് സ്വര്‍ണം ലഭിച്ചു.
സമാപന സമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉദ്ഘാടനം ചെയ്യും. മീറ്റില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും സൈക്കിളും വ്യക്തിഗത ചാമ്പ്യന്മാര്ക്കും ദേശീയ സ്കൂള്‍ റെക്കോഡ് സ്ഥാപിക്കുന്ന താരങ്ങള്‍ക്കെല്ലാം ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വക നാനോ കാറും ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആദ്യമായാണ് ദേശീയ സ്കൂള്‍ മീറ്റ് ജേതാക്കള്‍ക്ക് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്ര വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നത്. 13 റെക്കോര്‍ഡുകളാണ് ഇതുവരെ മീറ്റില്‍ പിറന്നത്. 13 കാറുകള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിട്ടുണ്ട്. നേരത്തെ, മീറ്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ താരങ്ങള്‍ക്കും സൈക്കിള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.