അര്‍ജുന അവാര്‍ഡിന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം
ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ശനി, 4 ജനുവരി 2014 (16:45 IST)
PRO
അര്‍ജുന അവാര്‍ഡ് സംബന്ധിച്ച വിവാദങ്ങളൊഴിവാക്കാന്‍ അവാര്‍ഡ് നിര്‍ണയമാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. വിവിധ ഒളിമ്പിക്സുകളിലും ഏഷ്യന്‍ ,കോമണ്‍വെല്‍ത്ത് അടക്കം അന്താരാഷ്ട്ര മത്സരങ്ങളിലും മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് അവാര്‍ഡ് നിര്‍ണയത്തില്‍ 90 ശതമാനം മാര്‍ക്ക് വെയിറ്റേജ് ലഭിക്കും.
കളിക്കാരുടെ അച്ചടക്കം, ലീഡര്‍ഷിപ്പ്, സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ്, ഫെയര്‍പ്ലേ തുടങ്ങിയ ഗുണങ്ങളുടെയും പങ്കെടുക്കുന്ന ഇനത്തിന്റെ നിലവാരവും കണക്കാക്കി താരങ്ങള്‍ക്ക് ബാക്കി 10 ശതമാനം വെയ്‌റ്റേജ് മാര്‍ക്ക് നല്‍കാനുള്ള അവകാശം സെലക്ഷന്‍ കമ്മറ്റിയ്ക്കായിരിക്കും.
കായിക-യുവജന ക്ഷേമമന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം ഒളിമ്പിക്സ്, പാരലിമ്പിക്സ് എന്നിവയിലെ മെഡല്‍ ജേതാക്കള്‍, അവര്‍ മുമ്പ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മെഡലിന്‍െറ തരമനുസരിച്ച് സ്വാഭാവികമായി രാജീവ്ഗാന്ധി ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ക്ക് പരിഗണിക്കപ്പെടും.
ഇതിന് ശേഷമായിരിക്കും ലോകചാമ്പ്യന്‍ഷിപ്പിലും നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ലോകകപ്പുകളിലും ജേതാക്കളായവരെ പരിഗണിക്കുക. തുടര്‍ന്ന് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് അവസരം നല്‍കും. ക്രിക്കറ്റില്‍ താരങ്ങളുടെ വ്യക്തിഗത പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും പരിഗണന.