മലേഷ്യയുമായി തൊഴില്‍കരാര്‍

Vayalar Ravi
WDWD
മലേഷ്യയില്‍ ജോലിക്കെത്തുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യയും മലേഷ്യയും തമ്മില്‍ തൊഴില്‍ കരാറില്‍ ഒപ്പുവയ്ക്കും. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചതാണിത്.

തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി തൊഴില്‍, മാനവ വിഭവശേഷി എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ താമസിയാതെ കരാര്‍ ഒപ്പുവയ്ക്കുന്നത്. കരാര്‍ സംബന്ധിച്ച് അന്തിമ ധാരണയായെന്നും വയലാര്‍ രവി അറിയിച്ചു.

തൊഴിലാളികളുടെ സംരക്ഷണത്തിനായി, പ്രത്യേകിച്ച് വൈദഗ്ദ്ധ്യം കുറവുള്ള തൊഴിലാളികളുടെ കാര്യത്തില്‍, ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നതിനും ധാരണയായിട്ടുണ്ടെന്ന് വയലാര്‍ രവി പറഞ്ഞു. നിലവില്‍ മലേഷ്യയില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയും ഈ കരാറിന്‍റെ പരിധിയില്‍ പെടുത്തും.

തൊഴില്‍ പ്രശ്നങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനായി ഒരു സംയുക്ത തൊഴില്‍ സംഘം രൂപീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.

മലേഷ്യയില്‍ കുറഞ്ഞ വേതനത്തിന് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ കൊണ്ട് കഠിനമായി പണിയെടുപ്പിച്ച് ഇടത്തട്ടുകാര്‍ മുതലെടുക്കുന്നതായി ആക്ഷേപമുണ്ടായിട്ടുണ്ട്. അടുത്തിടെ ഇത് സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതാണ് ഇത്തരമൊരു കരാര്‍ ഉണ്ടാക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറായതെന്ന് കരുതുന്നു.

വിദേശത്ത് പോയി പണിയെടുക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ സംരക്ഷണം ഉദ്ദേശിച്ച് നിരവധി ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ ഇത്തരം കരാറുകള്‍ അടുത്തിടെ ഉണ്ടാക്കിയിട്ടുണ്ട്.
ന്യൂഡല്‍ഹി| WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :