ഇന്തോ-അറബ്‌ സാംസ്കാരികോത്സവം

ഫെബ്രുവരി 26-ന്‌ തുടക്കം കുറിക്കും

അബുദാബി| WEBDUNIA| Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (14:49 IST)

അബുദായിലെ കേരള സോഷ്യല്‍ സെന്‍റര്‍ര്‍ സംഘടിപ്പിക്കുന്ന ഇന്തോ - അറബ്‌ സാംസ്കാരികോത്സവത്തിന്‌ ഫെബ്രുവരി 26-ന്‌ തുടക്കം കുറിക്കും.

സാംസ്കാരിക ഉത്സവത്തിന്‍റെ ഉദ്ഘാടനം യു.എ.ഇ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ്‌ മന്ത്രി ഷെയ്ഖ്‌ നഹ്‌യാന്‍ ബിന്‍ മുബാരക്ക്‌ അല്‍ നഹ്‌യാന്‍ നിര്‍വഹിക്കും.

സാംസ്കാരികോത്സവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി നല്‍മിസ്‌ അഹ്മദ്‌, യു.എ.ഇ സാമൂഹ്യക്ഷേമ വകുപ്പ്‌ മന്ത്രി മറിയം മുഹമ്മദ്‌ ഖല്‍ഫാന്‍ അല്‍റൂമി, മാഗ്സസെ അവാര്‍ഡ്‌ ജേതാവ്‌ പി. സായിനാഫ്‌, തെഹല്‍ക ഡോട്ട്‌കോം മുഖ്യപത്രാധിപര്‍ അരുണ്‍ തേജ്പാല്‍, എം.പി. വീരേന്ദ്രകുമാര്‍, ഏഷ്യന്‍ കോളജ്‌ ഓഫ്‌ ജേര്‍ണലിസം ചെയര്‍മാന്‍ ശശികുമാര്‍, പ്രശസ്ത കവി സച്ചിതാനന്ദന്‍ എന്നിവര്‍ പങ്കെടുക്കും.

സാംസ്കാരികോല്‍സവത്തോട്‌ അനുബന്ധിച്ച്‌ വിവിധ കലാപരിപാടികളാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. കലാമണ്ഡലം ഹൈമവതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന വൈവിധ്യമാര്‍ന്ന നൃത്തപരിപാടികള്‍, ദീപ മേത്തയുടെ വാട്ടര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍, അറബ്‌ ചലച്ചിത്രപ്രദര്‍ശനം, ഫുഡ്ഫെസ്റ്റിവല്‍, ഗസല്‍ സന്ധ്യ, ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പ്രശസ്ത കലാകാരി മാര്‍ഗിസതി അവതരിപ്പിക്കുന്ന കൂടിയാട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്‌.

ഇത്‌ കൂടാതെ മാധ്യമ സെമിനാര്‍, വനിതാ സമ്മേളനം, ചിത്രപ്രദര്‍ശനം, എഴുത്തുകാരുടെ സംഗമം, കാവ്യോത്സവം, പുസ്തക പ്രദര്‍ശനം, ചെറുകഥാ ശിബിരം എന്നിവയും സംഘടിപ്പിക്കും. പ്രശസ്ത കലാകാരന്മാരായ മുരളീമേനോനും കുക്കു പരമേശ്വരനും അവതരിപ്പിക്കുന്ന ഉറാങ്ങ്‌ ഉട്ടാക്ക്‌ എന്ന നൂതന കലാവിരുന്നും ഇതിലെ പ്രധാന പരിപാടികളിലൊന്നാണ്.

മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍, പ്രതിരോധവകുപ്പുമന്ത്രി എ.കെ. ആന്‍റണി, പ്രവാസികാര്യ വകുപ്പുമന്ത്രി വയലാര്‍ രവി, കേരള സാംസ്കാരിക വകുപ്പു മന്ത്രി എം.എ. ബേബി, ഇന്ത്യന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി, യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്പീക്കര്‍ അഹമ്മദ്‌ ഷബീബ്‌ അല്‍ ദാഹരി എന്നിവരേയും സാംസ്കാരികോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :