എമിഗ്രേഷന്‍ നിയമം പ്രശ്നമാവുന്നു

ഒരു ലക്ഷം രൂപ ബാങ്ക് ഗ്യാരന്‍റി നിര്‍ബ്ബന്ധം

തിരുവനന്തപുരം | WEBDUNIA| Last Modified ചൊവ്വ, 4 മാര്‍ച്ച് 2008 (11:45 IST)

പുതിയ എമിഗ്രേഷന്‍ നിയമം ദൂരവ്യാപകമായ ദോഷ ഫലങ്ങള്‍ ഉളവാക്കുമെന്ന്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആരോപണമുയരുന്നതായി റിപ്പോര്‍ട്ട്. പുതിയ നിയമം അനുസരിച്ച്‌ എസ്‌.എസ്‌.എല്‍.സി ജയിക്കാത്ത തൊഴിലാളികള്‍ക്ക്‌ വിദേശത്തെ സ്‌പോണ്‍സര്‍ 2500 യു.എസ്‌. ഡോളര്‍ (ഒരുലക്ഷത്തോളം രൂപ) ബാങ്ക്‌ ഗാരന്‍റി നല്‍കണമെന്നാണ്‌ വ്യവസ്ഥ.

ഇതിനൊപ്പം സ്‌പോണ്‍സറുടെ തൊഴില്‍ കരാര്‍ ബന്‌ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ബാങ്ക്‌ ഗാരന്‍റി ഹാജരാക്കിയാലേ ഇന്ത്യന്‍ എംബസികള്‍ തൊഴില്‍ കരാര്‍ സാക്ഷ്യപ്പെടുത്തുകയുള്ളൂ എന്നതാണ്‌ പുതിയ നിയമം അനുസരിച്ചുള്ള സ്ഥിതി.

ഇതുകൂടാതെ ബാങ്ക്‌ ഗ്യാരന്‍റിക്കൊപ്പം ഒറിജിനല്‍ വിസയും ഹാജരാക്കണം എന്നുണ്ട്. 2008 മാര്‍ച്ച്‌ മാസം ഒന്നുമുതല്‍ പുതിയ നിബന്‌ധനകള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

എന്നാല്‍ വ്യക്തികള്‍ നേരിട്ട്‌ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ്‌ ഈ നിയന്ത്രണം എന്നതാണ്‌ മറ്റൊരു പ്രശ്നം. ഇത്‌ ഗള്‍ഫില്‍ എന്ന സ്വപ്നവുമായിരിക്കുന്ന മലയാളിക്ക്‌ തിരിച്ചടിയാവും എന്നാണ്‌ കണക്കാക്കുന്നത്‌.

നിലവിലെ കണക്കനുസരിച്ച്‌ എസ്‌.എസ്‌.എല്‍.സി ജയിക്കാത്തവരും എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ആവശ്യമുള്ളവരുമായ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തില്‍ നിന്ന്‌ വര്‍ഷംതോറും ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ പോകുന്നുണ്ട്‌. എന്നാല്‍ ഇവര്‍ക്കായി ഒരുലക്ഷത്തോളം രൂപ ബാങ്ക്‌ ഗാരന്‍റി നല്‍കാനും തൊഴില്‍ കരാര്‍ സാക്‍ഷ്യപ്പെടുത്താനും സ്‌പോണ്‍സര്‍ ഉണ്ടായേക്കില്ലെന്നാണ്‌ മലയാളികളുടെ പേടി.

ഇതേസമയം റിക്രൂട്ടിംഗ്‌ ഏജന്‍സി വഴി നല്‍കുന്ന അപേക്ഷകള്‍ക്ക്‌ എമിഗ്രേഷന്‍ ക്‌ളിയറന്‍സ്‌ ലഭിക്കുന്നുണ്ട്‌. പത്തും ഇരുപതും അപേക്ഷകള്‍ ഈ ഏജന്‍സികള്‍ ഒരുമിച്ചു സമര്‍പ്പിക്കും.

സ്‌പോണ്‍സറുടെ തൊഴില്‍ കരാര്‍ അറ്റസ്റ്റ്‌ ചെയ്‌ത കോപ്പിയും ബാങ്ക്‌ ഗാരന്‍റിയുടെ പേപ്പറും ഇവര്‍ നല്‍കുന്നുണ്ടെന്നാണ്‌ പറയുന്നത്‌. ഇവയില്‍ എല്ലാം തന്നെ യഥാര്‍ത്ഥത്തിലുള്ളതായിരിക്കണം എന്നില്ല എന്നാണ്‌ ഈ രംഗത്തുള്ളവര്‍ ആരോപിക്കുന്നത്‌.

എന്നാല്‍ നോര്‍ക്ക വകുപ്പ്‌ പറയുന്നത്‌ വിദഗ്ദ്ധ - അവിദഗ്ദ്ധ തൊഴിലാളികളെ ഗള്‍ഫില്‍ കൊണ്ടുപോയി ചൂഷണം ചെയ്യാതിരിക്കാന്‍ കേന്ദ്ര പ്രവാസികാര്യവകുപ്പ്‌ കൊണ്ടുവന്നതാണ്‌ ഈ നിയന്ത്രണമെന്നാണ്‌.

സ്‌പോണ്‍സര്‍ വാഗ്‌ദാനം ചെയ്യുന്ന ശമ്പളം തൊഴിലാളിക്ക്‌ ഉറപ്പാക്കുകയാണ്‌ ഇതിന്‍റെ മറ്റൊരു ലക്‍ഷ്യം. സ്‌പോണ്‍സറുമായി തൊഴിലിന്‍റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വ്യാജ പരാതികളുടെ പേരില്‍ തടവിലാക്കാറുമുണ്ട്‌. ഇത്‌ ഒഴിവാക്കാനാകും എന്നതും ഇതിന്‍റെ ഗുണമായി നോര്‍ക്ക പറയുന്നു.

എന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അവിഹിതമായി പണമുണ്ടാക്കാനായാണ് പുതിയ നിയമ ഭേദഗതിയെന്ന് ട്രാവല്‍ ഏജന്‍റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.വി.മുരളീധരന്‍ പറയുന്നു. ഇത് കാടന്‍ നിയമമാണെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :