പ്രണയം തികച്ചും മനോഹരമായി അങ്ങനെ ഒഴുകിത്തീരുന്ന ഒന്നാണോ. ആണെന്നു തോന്നുന്നില്ല. പ്രണയം പലര്‍ക്കും പലവിധത്തിലാണ്.
ചിലത് ഋതുക്കള്‍ പോലെയാണ് സൌമ്യമായി സ്വാന്തനമായി താങ്ങായി തണലായി അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. മറ്റു ചിലര്‍ക്ക് വൈകാരികതയുടെ വേലിയേറ്റമാകും. സ്നേഹം, സ്വാര്‍ഥത, പിടിവാശി, ദേഷ്യം...,
മറ്റുചിലര്‍ക്ക് വെറും വെറുതെ ഒരു തമാശ, നേരം പോക്ക്..ഇതില്‍ ഏതാണു നിങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളി...
പ്രാധാന്യം വൈകാരികതയ്ക്ക്
ഇക്കൂട്ടര്‍ വികാരങ്ങളുടെ പിരിമുറുക്കത്തിലാകും എപ്പോഴും. പൂര്‍ണ്ണമായ വിശ്വസ്തതയും പങ്കാളിത്തവും ഇവര്‍ക്കു വേണം. ഇവരുടെ ഏറ്റവും വലിയ പോരായ്മ ആധിപത്യമനോഭാവമാണ്. ബന്ധങ്ങളില്‍ ആധിപത്യം തനിയ്ക്കാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍.
ഇതിനെതിരായി ഉണ്ടാകുന്ന എന്തും ഇവരെ മുറിപ്പെടുത്തും. എപ്പോഴും പ്രണയഭരിതരായി കാണപ്പെടുന്ന ഇവര്‍ പെരുമാറ്റത്തിലും ആകര്‍ഷണീയത ഉള്ളവരായിരിക്കും.
സ്നേഹം നേരംപോക്കാകുമ്പോള്
ഇവര്‍ക്ക് പ്രണയം തമാശ നിറഞ്ഞ ഒരു കളിയാവും. ഒരു നല്ല നേരമ്പോക്ക്. ഇവരുടെ ബന്ധങ്ങള്‍ക്ക് തീരെ ആഴമുണ്ടാവില്ല. തന്നോടുതന്നെ വിശ്വസ്തത പുലര്‍ത്താന്‍ കഴിയാത്ത ഇക്കൂട്ടര്‍ പലരുടെ ചുറ്റിനുമായി കറങ്ങുന്നതുകാണാം. ഇവര്‍ക്ക് വൈകാരിക തീവ്രതയെ തടഞ്ഞുനിര്‍ത്താന്‍ ഇവര്‍ക്ക് ജന്മനാ തന്നെ പ്രവണതയുണ്ട്. ഇവര്‍ക്ക് ദീര്‍ഘകാലബന്ധങ്ങള്‍ ഉണ്ടാവില്ല.
പ്രണയം ഒരപ്പൂപ്പന്താടി പോലെ
ഇവരുടെ പ്രണയം സൌമ്യവും മധുരതരവുമായിരിക്കും. പ്രണയിക്കുന്ന ആള് തന്നെയാകും ഇവരുടെ ഉത്തമ സുഹൃത്ത്. നിഗൂഢമായി ഒന്നുംതന്നെ ഇവരിലുണ്ടാവില്ല. സ്നേഹവും സംരക്ഷണമനോഭാവവും എതിര്‍ലിംഗത്തെ ബഹുമാനിക്കാനുള്ള കഴിവും ഇവരുടെ സവിശേഷഗുണമാണ്. സ്നേഹം ഇടയ്ക്കുപേക്ഷിക്കാന് ഇഷ്ടപ്പെടാത്ത ഇവരുടെ മിക്ക ബന്ധങ്ങളും ജീവിതകാലം മുഴുവന്‍ നിലനില്ക്കുന്നവയാണ്.
വിചാരത്തിനു കൂടുതല്‍ പ്രാധാന്യം
വികാരങ്ങളേക്കാള്‍ കൂടുതല്‍ വിചാരങ്ങള്‍ക്കു പ്രാധാന്യം നല്കുന്ന ഇവര്‍ തികഞ്ഞ പ്രായോഗികമതികള്‍ ആയിരിക്കും. തീരുമാനമെടുക്കും മുന്‍പ് പലവട്ടം ആലോചിക്കുക ഇവരുടെ പൊതുസ്വഭാവം. തങ്ങള്‍ക്കൊത്ത ഗുണഗണങ്ങളുള്ള പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ ഇവര്‍ അഗ്രഗണ്യരായിരിക്കും.
ഇവര്‍ക്ക് ആശ്രയത്വമനോഭാവം പൊതുവേ കുറവായിരിക്കും. സ്വന്തം കാലില്‍ നില്ക്കാന് ഇഷ്ടപ്പെടുന്ന ഇവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തിയ ശേഷമാകും പലപ്പോഴും പ്രണയത്തില്‍ ചാടുക. പ്രണയം നഷ്ടപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഇവര്‍ നഷ്ടപ്പെട്ടാലും അത് അനായാസം അതിജീവിക്കും.