വിവാഹമോചനത്തിന്‍റെ സാമൂഹ്യ പശ്ചാത്തലം

WEBDUNIA|
ഏഷ്യയില്‍ ഏറ്റവുമധികം വിവാഹമോചന കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് സാക്ഷരകേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ കുടുംബകോടതിയിലാണ്. പ്രവൃത്തി ദിവസങ്ങില്‍ മണിക്കൂറില്‍ ഒന്ന് എന്ന കണക്കിലാണ് വിവാഹമോചനക്കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മരണം തമ്മില്‍ വേര്‍പ്പെടുത്തുന്നതുവരെ സംരക്ഷിച്ചുകൊള്ളാമെന്ന വാഗ്ദാനവും താലിയുടെ പവിത്രതയുമെല്ലാം പരസ്പര പഴിചാരലുകളില്‍ തട്ടി തകര്‍ന്നടിയുന്നു. കുടുംബബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കല്‍പ്പിക്കുന്ന കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വിദ്യാഭ്യാസ പരമായി ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന അന്വേഷണം വിരല്‍ചൂണ്ടുന്നത് ഇന്നത്തെ സാമൂഹ്യ ബന്ധങ്ങളുടെ കെട്ടുറപ്പുകളിലേയ്ക്കാണ്. മുന്‍കാലങ്ങളില്‍ വീട്ടുകാര്‍ നിശ്ഛയിക്കുന്ന വിവാഹങ്ങളാണ് ഏറെയും നടന്നിരുന്നത്.

മതാനുഷ്ഠാനത്തോടെയും ബന്ധു ജനങ്ങളുടെ ആശീര്‍വാദത്തോടെയുമാണ് വധൂവരന്മാര്‍ പുതു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍, പ്രശ്നങ്ങള്‍ മുതിര്‍ന്നവര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.

കുടുംബത്തിലേല്‍ക്കുന്ന മാനക്കേടായി അന്ന് വിവാഹമോചനങ്ങളെ കണ്ടിരുന്നത് വിവാഹമോചനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചു. എന്നാലിന്ന് വിവാഹമോചനങ്ങള്‍ അത്ര വലിയ സംഭവങ്ങളായി ആരും കണക്കാക്കുന്നില്ല എന്ന് മാത്രമല്ല വിട്ടുവീഴ്ചകള്‍ക്കും ആരും തയാറാകുന്നില്ല.

മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ കൈവന്ന മാന്യതയും, സ്ഥാനവും, സാമ്പത്തിക ഭദ്രതയും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വിവാഹമോചനത്തിന് കാരണമാകുന്നു. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കുടുംബിനിയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്നത്തെ ആധുനിക കുടുംബിനി.

കുടുംബ ബന്ധങ്ങളുടെ അടിത്തറ ഇളക്കുന്നവന്‍ പ്രശ്നങ്ങള്‍ പോലും സഹിച്ചും, ക്ഷമിച്ചും വിട്ടു വീഴ്ചകള്‍ ചെയ്തും കുടുംബം എന്ന സങ്കല്പം സാക്ഷാത്കരിക്കുവാന്‍ മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ സന്നദ്ധത കാട്ടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :