വിവാഹശേഷം വ്യക്തിനിഷ്ഠമായ ജീവിതം

വിവാഹ മോചനത്തിന്റെ സാമൂഹിക പചാത്തലം-3

WEBDUNIA|
വ്യക്തി ബന്ധങ്ങളുടെ കാഴ്ചപ്പാടിലുണ്ടായ വ്യത്യാസവും വിവാഹമോചനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ട് വ്യക്തികള്‍ വിവാഹത്തോടെ ഓയിത്തീരുന്നു എന്ന സങ്കല്‍പത്തിനു പകരം വിവാഹശേഷവും രണ്ടു വ്യക്തികള്‍ രണ്ടായി തന്നെ നിലനില്‍ക്കാന്‍ ശ്രമിക്കുന്നു എന്നതാണ് വിവാഹത്തിന്‍റെ പുത്തന്‍ സമവാക്യം

പരസ്പരം സ്നേഹിച്ചും ഇല്ലായ്മകള്‍ പങ്കിട്ടും, ഒന്നിച്ചു ജീവിക്കുക എന്നതിനു പകരം നിന്‍റെ പ്രശ്നങ്ങളെല്ലാം നിന്‍റേതാണ്, എന്‍റെ സുഖങ്ങള്‍ എന്‍റേതും എന്ന മനോഭാവമാണ് ആധുനിക വിവാഹബന്ധത്തിന്‍റെ കാതല്‍. പ്രത്യേകിച്ചും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സമൂഹത്തിന്‍റെ ഉന്നത തലത്തില്‍ കഴിയുന്നവര്‍ക്കിടയില്‍ ഈ മനോഭാവം ആഴത്തില്‍ വേരോടിയിരിക്കുകയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സ്വന്തം തിരക്കുകള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും മേല്‍ കുടുംബം ഒരു ബാധ്യതയാകരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം വ്യക്തിവാദത്തിന് ശക്തി പകരുന്നത്. ഒരു മേല്‍ക്കൂരയ്ക്ക് താഴെ ഇവര്‍ രണ്ട് വ്യത്യസ്ത ലോകം പണിയുന്നു. ഭാര്യയ്ക്കും ഭര്‍ത്താവിനും പ്രത്യേകം സ്വകാര്യ മുറികള്‍, കൂട്ടുകാര്‍, ഹോബികള്‍, പുസ്തകങ്ങള്‍ എന്തിനേറെ ടി.വി.കള്‍ പോലും പ്രത്യേകം. ദമ്പതികള്‍ എന്നതിനേക്കാള്‍ ഒന്നിച്ചു ജീവിക്കുന്ന രണ്ടു വ്യക്തികള്‍ എന്ന പുത്തന്‍ സമവാക്യമാണ് ആധുനിക വിവാഹത്തിന് ഇന്നേറെ അനുയോജ്യം.

രണ്ടു പേരും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നു എന്ന വാദം ഇവര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഏറെ ഇഷ്ടപ്പെടുന്നൊരാള്‍ക്കായി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മാറ്റി വയ്ക്കുമ്പോഴുള്ള സുഖം ഇവര്‍ക്ക് നഷ്ടമാവുകയല്ലേ ഭാര്യാ-ഭര്‍തൃ ബന്ധത്തിന്‍റെ ഊഷ്മളതയും ഇവര്‍ക്ക് അന്യമാവുകയല്ലേ? എന്നീ ചോദ്യങ്ങളും ഇതിനു തുടര്‍ച്ചയായി ഉയരുന്നു.

രണ്ടു വ്യക്തികള്‍ക്കിടയിലെ കൊച്ചു കണ്ണികളായി കുഞ്ഞുങ്ങള്‍ കൂടി ഉണ്ടാകുമ്പോള്‍ വിവാഹമോചനത്തിന്‍റെ അര്‍ത്ഥവ്യാപ്തി ഏറുന്നു. വിവാഹമോചനങ്ങള്‍ കണക്കു പറഞ്ഞുകൊണ്ടും, കണക്കു തീര്‍ത്തുകൊണ്ടുമാകുമ്പോള്‍ കുഞ്ഞുങ്ങളും പങ്കുവയ്ക്കപ്പെടുന്നു.

വാശി കണക്കുകളിലെ ലാഭങ്ങള്‍ എണ്ണിയെണ്ണി ഊറ്റം കൊള്ളുമ്പോള്‍ ഓര്‍ക്കുക - നഷ്ടമെന്നും കുഞ്ഞുങ്ങള്‍ക്കാണ്. അച്ഛനുമമ്മയുമൊത്ത് ചെലവിടുന്ന സന്തോഷമുള്ള നിമിഷങ്ങള്‍, വാത്സല്യം അങ്ങനെയെല്ലാം എല്ലാം...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :