വേലുപ്പിള്ള പ്രഭാകരന്‍ കാല്‍നൂറ്റാണ്ടിലധികമായി ശ്രീലങ്കയുടെ ഉറക്കം കെടുത്തിയ വേലുപ്പിള്ള പ്രഭാകരന്‍. ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിള്‍ ഈലം എന്ന സംഘടനയിലൂടെ ശ്രീലങ്കയിലെ തമിഴരുടെ അവകാശങ്ങള്‍ക്കായി പോരാടിയ വിപ്ലവകാരി. മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ എല്‍ടിടിഇയുടെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുത്ത് മുന്നേറിയ ലങ്കന്‍ സേനയുടെ വലയില്‍ അപ്രതീക്ഷിതമായിട്ടാണ് പ്രഭാകരന്‍ കുടുങ്ങിയത്. എല്‍ടിടിഇയുടെ ആശയവിനിമയ സംവിധാനങ്ങള്‍ ചോര്‍ത്തിയ ലങ്കന്‍ സൈന്യം പ്രഭാകരന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. മെയ് പതിനെട്ടിനായിരുന്നു പ്രഭാകരന്‍റെ മരണം. പ്രഭാകരന്‍റെ മരണവാര്‍ത്ത അദ്യം എല്‍ടിടിഇ നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ ഇക്കാര്യം അംഗീകരിക്കുകയായിരുന്നു
എല്‍ടിടിഇയുടെ പതനം ബെല്‍റ്റ് ബോംബ് എന്ന ആശയം ലോകത്തെ തീവ്രവാദി സംഘടനകള്‍ക്ക് പകര്‍ന്നു നല്‍കിയ പ്രസ്ഥാനമായിരുന്നു എല്‍ടിടിഇ. തമിഴ്‌വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വേലുപ്പിള്ള പ്രഭാകരന്‍ 1976 മെയ് അഞ്ചിനാണ് എല്‍ടിടിഇ രൂപീകരിച്ചത്. സിംഹളമേധാവിത്വത്തിനെതിരെ തമിഴ്‌വംശജരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നതില്‍ എല്‍ടിടിഇക്ക് ഏറെക്കുറെ വിജയിക്കാനുമായി. ലങ്കന്‍ ഭരണകൂടത്തിന് തിരിച്ചടി നല്‍കി വടക്കന്‍ ലങ്കയില്‍ സമാന്തര ഭരണകൂടം കെട്ടിപ്പടുക്കുന്നിടം വരെയെത്തിയിരുന്നു എല്‍ടിടിഇയുടെ ശക്തി. പക്ഷെ ക്രമേണ വേലുപ്പിള്ള പ്രഭാകരന്‍റെ ഏകാധിപത്യവും കടുംപിടുത്തവും സംഘടനയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാക്കി. വിശ്വസ്തരായി പടനയിച്ചവര്‍ തന്നെ ശത്രുപാളയത്തിലേക്ക് ചേക്കേറി. എല്‍ടിടിഇയെ തകര്‍ക്കാന്‍ ഇവരെ ആയുധമാക്കി ലങ്കന്‍ ഭരണകൂടം പ്രവര്‍ത്തിക്കുകയും ചെയ്തു. എല്‍ടിടിഇ യെ നയിച്ച പ്രഭാകരന്‍റെ മകന്‍ ചാള്‍സും മറ്റ് പല നേതാക്കളും ലങ്കന്‍ സൈന്യത്തിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടു. ഒടുവില്‍ പ്രഭാകരന്‍റെ മരണത്തോടെ അനാഥമായ പ്രസ്ഥാനമായി എല്‍ടിടി ലങ്കന്‍ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലേക്ക് ചുരുങ്ങി.
ഉത്തരകൊറിയയുടെ ആണവപരീക്ഷണം ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് മെയ് 25 നായിരുന്നു ഉത്തരകൊറിയയുടെ ആണവപരീക്ഷണം. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകളും താക്കീതും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു പരീക്ഷണം. 2006 ല്‍ ആദ്യ ആണവ പരീക്ഷണം നടത്തിയ ഉത്തരകൊറിയ ഇക്കുറി ഇതിലും ശക്തിയുള്ള ബോംബായിരുന്നു പരീക്ഷിച്ചത്. ഹിരോഷിമയില്‍ പതിച്ചതിനേക്കള്‍ ശക്തിയേറിയ ബോംബാണ് പരീക്ഷിച്ചതെന്ന് കൊറിയ പിന്നീട് വ്യക്തമാക്കി. ഭൂമിക്കടിയിലായിരുന്നു പരീക്ഷണം.