ആണവ വ്യാപനം: ലോകം പരാജയമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (12:22 IST)
PRO
ആണവായുധങ്ങളുടെ വ്യാപനം തടയുന്നതില്‍ രാജ്യാന്തര സമൂഹം പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ആണവ നിര്‍വ്യാപന കരാറില്‍ എല്ലാ രാജ്യങ്ങളും ഒപ്പിടണമെന്ന പ്രമേയം അമേരിക്കന്‍ പിന്തുണയോടെ യുഎസ് സുരക്ഷാ സമിതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ സമ്മേളനം ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവ നിര്‍വ്യാപന രാജ്യങ്ങള്‍ ആണവായുധങ്ങളുടെ വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടു. വിവേചന രഹിതവും വ്യാപകവുമായി നടപ്പിലാക്കിയാല്‍ മാത്രമേ ആണവ നിര്‍വ്യാപനം വിജയിക്കുകയുള്ളൂ. എന്‍ പി ടി, സിടിബിടി കരാറുകളില്‍ ഒപ്പിടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ആണവ നിര്‍വ്യാപന പ്രമേയം വിവേചനപരമാകരുതെന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണയും നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

ആണവ നിര്‍വ്യാപനത്തിനായി രാജ്യാന്തര സമുഹത്തിന്‍റെ ദൌത്യത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കരാര്‍ ആണവ നിര്‍വ്യാപനത്തിന് ഫലപ്രദമല്ല. ഇന്ത്യ ആണവായുധങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ആണവോര്‍ജ്ജ മേധാവി എല്‍ബറാദി അടക്കമുള്ള ലോക നേതാക്കള്‍ ഉള്ള വേദിയിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന് അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ‘ആണവ ഇന്ധനത്തിന്‍റെ സമാധാനപരമായ ഉപയോഗം’ എന്ന വിഷയത്തിലാണ് മൂന്നുദിവസത്തെ ഐ എ ഇ എ യോഗം ഡല്‍ഹിയില്‍ ചേരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :